മലയാള സിനിമാ ലോകത്ത് വലിയ ചർച്ചയായ ‘ഗപ്പി’ എന്ന ചിത്രത്തിന്റെ പത്താം വാർഷിക വേളയിൽ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി പുതിയ പ്രഖ്യാപനം. ചിത്രത്തിന്റെ നായകനായ ടൊവിനോ തോമസും സംവിധായകൻ ജോൺപോൾ ജോർജും വീണ്ടും കൈകോർക്കുന്നുവെന്ന സൂചന നൽകിക്കൊണ്ട് ഇരുവരും സോഷ്യൽ മീഡിയയിലൂടെ പ്രത്യേക ചിത്രം പങ്കുവെച്ചു.
മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ മുതൽമുടക്കിലാണ് ഈ പുതിയ പ്രോജക്ട് അണിയറയിൽ ഒരുങ്ങുന്നത് എന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇരുവരും ഒപ്പം ചേതന് ജയലാലും ഈ പുതിയ സിനിമയുടെ ഭാഗമാകുന്നുണ്ട്.
‘ഗപ്പി’ റിലീസ് ചെയ്ത് പത്ത് വർഷങ്ങൾ പിന്നിടുമ്പോൾ, അന്നത്തെ ആ അവിസ്മരണീയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് സിനിമാപ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷകളാണ് ഉയർത്തിയിരിക്കുന്നത്. ചിത്രത്തിൽ തേജസ് വർക്കി എന്ന എഞ്ചിനീയറെ അവതരിപ്പിച്ചുകൊണ്ട് ടൊവിനോ തോമസ് തന്റെ അഭിനയജീവിതത്തിൽ വലിയൊരു വഴിതിരിവ് സൃഷ്ടിച്ചപ്പോൾ, മലയാളത്തിലെ ഏറ്റവും ശ്രദ്ധേയനായ നവാഗത സംവിധായകരിൽ ഒരാളായി മാറുകയായിരുന്നു ജോൺപോൾ ജോർജ്.
ഗപ്പിക്ക് ശേഷം ഒട്ടേറെ അഭിനയപ്രാധാന്യമുള്ള ചിത്രങ്ങളിലൂടെ മലയാളത്തിന്റെ പാൻ-ഇന്ത്യൻ താരപ്രതിഭയായി ടൊവിനോ തോമസ് വളരുകയുണ്ടായി. ‘എന്ന് നിന്റെ മൊയ്തീൻ’, ‘തീവണ്ടി’, ‘ഗോദ’, ‘മായാനദി’, ‘മിന്നൽ മുരളി’, ‘2018’, ‘അജയന്റെ രണ്ടാം മോഷണം’ തുടങ്ങി നിരവധി ഹിറ്റുകളിലൂടെ ഇന്ത്യയൊട്ടാകെ വലിയൊരു ആരാധകവൃന്ദത്തെയാണ് താരം സ്വന്തമാക്കിയത്.
മറുവശത്ത്, സംവിധാനത്തിലും നിർമ്മാണ രംഗത്തും ഒരുപോലെ തിളങ്ങി മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൻ ജോൺപോൾ ജോർജിന് സാധിച്ചു. അദ്ദേഹം സംവിധാനം ചെയ്ത ‘അമ്പിളി’ എന്ന ചിത്രവും ഏറെ നിരൂപകപ്രശംസ നേടിയിരുന്നു.
കൂടാതെ, മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയമായ ‘രോമാഞ്ചം’ ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ നിർമ്മാതാവെന്ന നിലയിലും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. പത്താം വാർഷികത്തിന്റെ തിളക്കത്തിൽ ഈ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുമ്പോൾ, മലയാള സിനിമാ വ്യവസായത്തിന് തന്നെ പുതിയൊരു ദൃശ്യാനുഭവം സമ്മാനിക്കാൻ ഈ ചിത്രത്തിന് സാധിക്കുമെന്നാണ് സിനിമാലോകത്തിന്റെ വിലയിരുത്തൽ.
സിനിമയിലെ മറ്റ് അഭിനേതാക്കളെയും സാങ്കേതികപ്രവർത്തകരെയും സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ വരുന്ന ദിവസങ്ങളിൽ പുറത്തുവിടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

