മെഡിക്കൽ ശാസ്ത്രത്തെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, മരണത്തിന്റെ വക്കിൽനിന്ന് തിരികെ ജീവിതത്തിലേക്ക് നടന്നുകയറിയ ഒരു അമ്മയുടെ അതിജീവന കഥയാണ് കോട്ടയത്തുനിന്ന് പുറത്തുവരുന്നത്. പൂവന്തുരുത്ത് ഉണ്ണിക്കുഴിയിൽ താമസിക്കുന്ന ജിഷ്ണുപ്രിയ തന്റെ മകൻ ശ്രേയസ്സിന്റെ ഒന്നാം പിറന്നാൾ ആഘോഷിച്ചതോടെ, അവിശ്വസനീയമായ ഒരു ജീവിതയാത്രയ്ക്ക് കൂടി സാക്ഷ്യം വഹിക്കുകയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി.
ജീവിതത്തിന്റെ താളം തെറ്റിയ ആ നാളുകളെക്കുറിച്ച് ജിഷ്ണുപ്രിയ ഓർക്കുന്നു: “ഗർഭകാലത്തിന്റെ 7–ാം മാസത്തിന് തൊട്ടുമുൻപാണ്. രാത്രി 8 ഒക്കെയായാൽ ശ്വാസം കിട്ടാത്ത അവസ്ഥ.
ചിലർക്ക് ഇങ്ങനെ ഉണ്ടാകാറുണ്ടെന്ന് ഡോക്ടർ പറഞ്ഞെങ്കിലും കുറച്ച് ദിവസങ്ങൾക്കുള്ളിൽ സ്ഥിതി ഗുരുതരമായി. ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
പിന്നാലെ എന്റെ ബോധം മറഞ്ഞു. ഇനിയുള്ളതെല്ലാം ശ്രീജിത്തും ഞങ്ങളുടെ മാതാപിതാക്കളും പറഞ്ഞുള്ള അറിവാണ്.
2025 ജൂലൈ 3ന് വെന്റിലേറ്ററിലേക്ക് മാറ്റി. ന്യുമോണിയ ബാധിച്ച് ഹൃദയത്തിന്റെയും പല ആന്തരിക അവയവയങ്ങളും പ്രവർത്തനം നിലച്ചതായിരുന്നു കാരണം.
പ്രസവം ഉടനെ ഉണ്ടാകും. എന്നാൽ എന്നെയും കുട്ടിയെയും കിട്ടില്ലെന്ന് ജൂലൈ 7ന് ഡോക്ടർമാർ ശ്രീജിത്തിനോട് ഉറപ്പിച്ചുപറഞ്ഞു.
അതു കേട്ടതോടെ അദ്ദേഹം ബോധംകെട്ടു വീണു. എന്നാൽ ഞാൻ വെന്റിലേറ്ററിൽ പ്രസവിച്ചു.” സാധാരണ പ്രസവത്തിലൂടെയാണ് കുഞ്ഞ് പിറന്നത്.
എന്നാൽ അപ്പോഴും ജിഷ്ണുപ്രിയ വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. പ്രസവത്തിന് 21 ദിവസങ്ങൾക്ക് ശേഷമാണ് കുഞ്ഞിനെ ഭർത്താവ് ശ്രീജിത്തിന് കൈമാറിയത്.
വെന്റിലേറ്ററിൽ 46 ദിവസവും ആശുപത്രിയിൽ 100 ദിവസവും നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ജിഷ്ണുപ്രിയ പൂർണമായി ജീവിതത്തിലേക്ക് മടങ്ങി വന്നത്.
സോഡിയം നിലയിലുണ്ടായ കുറവ് കാരണം ഓർമകൾ വീണ്ടെടുക്കാൻ ഏറെ പ്രയാസപ്പെട്ട ജിഷ്ണുപ്രിയയെ, കുഞ്ഞിനെപ്പോലെ പരിചരിച്ച് പഴയ ഓർമകളിലേക്ക് തിരികെ കൊണ്ടുവന്നത് ശ്രീജിത്തിന്റെ കരുതലും സ്നേഹവുമാണ്.
ജില്ലാ ഫുട്ബോൾ ടീമംഗമായിരുന്ന ശ്രീജിത്ത് ഇപ്പോൾ കോട്ടയം താലി റസ്റ്ററന്റിലെ ജീവനക്കാരനാണ്. വയനാട് സുൽത്താൻ ബത്തേരി സ്വദേശിനിയായ ജിഷ്ണുപ്രിയ കായികരംഗത്ത് സംസ്ഥാനതലത്തിൽ ഷോട്പുട്, ജാവലിൻ ഇനങ്ങളിൽ വിജയിയായിട്ടുണ്ട്.
പ്രതിസന്ധികളെ അതിജീവിച്ച് കുടുംബം ഇന്ന് സന്തോഷത്തിന്റെ നിറവിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

