തമിഴ്നാട്ടിൽ മലയാളി ശിവസേന നേതാവ് കൊല്ലപ്പെട്ട കേസിൽ രണ്ടുപേരെ പ്രത്യേക അന്വേഷണ സംഘം പിടികൂടി.
ചെങ്കവിള സ്വദേശിയും തമിഴ്നാട് ശിവസേന പാർട്ടിയുടെ കേരള അധ്യക്ഷനുമായ അതുൽ (32) കൊല്ലപ്പെട്ട സംഭവത്തിലാണ് ഉണ്ണാമലക്കട
ആർ.സി സ്ട്രീറ്റ് സ്വദേശി നിതീഷ് (29), കരിങ്കൽ മാങ്കര സ്വദേശി ബെർലിൻ (27) എന്നിവർ അറസ്റ്റിലായത്. മദ്യലഹരിയിലുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി.
ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് അതുലിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം അതുലിന്റെ മരണം ഉറപ്പാക്കിയ സംഘം, മൃതദേഹം കാറിൽ കയറ്റി കുഴിത്തുറയ്ക്കടുത്ത് നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു.
തുടർന്ന് അതുലിന്റെ കാറുമായി മലൈകോവിലിലെത്തിയ പ്രതികൾ വാഹനത്തിന്റെ നമ്പർപ്ലേറ്റ് ഊരി മാറ്റിയ ശേഷമാണ് രക്ഷപ്പെട്ടത്. സംഭവത്തെ തുടർന്ന് മാർത്താണ്ഡവും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
ശിവസേന നേതാവിന്റെ കാർ സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയാണ് നിർണായകമായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
ഈ കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
പിടിയിലാകാനുള്ളവരിൽ അച്ഛനും മകനും ഉൾപ്പെടുന്നുവെന്നാണ് വിവരം. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് കന്യാകുമാരിക്ക് അടുത്ത് മാര്‍ത്താണ്ഡത്തുള്ള നദിയിൽ അതുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ കുടുംബം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

