കാലടിയിലെ പുതിയ പാലത്തിന്റെ നിർമാണം 2027 ജനുവരി 15ന് അകം പൂർത്തിയാക്കാനും, നിലവിലുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഓണത്തിന് മുൻപ് തീർക്കാനും ഔദ്യോഗിക തീരുമാനം. മന്ത്രി റോജി എം.ജോണിന്റെ നേതൃത്വത്തിൽ കലക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച നിർദേശങ്ങൾ നൽകിയത്.
രാത്രികാലങ്ങളിൽ പാലം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് പ്രവൃത്തികൾ മുന്നോട്ട് കൊണ്ടുപോകണമെന്നാണ് നിർദേശം. ഇതിനായി ആവശ്യമായ കത്ത് പൊലീസിന് കൈമാറണമെന്ന് മന്ത്രി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഓഗസ്റ്റ് 8 മുതൽ 14 വരെ രാത്രി 10 മുതൽ രാവിലെ 6 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചുകൊണ്ട് അടിയന്തര അറ്റകുറ്റപ്പണികൾ നടത്താനാണ് പൊതുമരാമത്തു വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. ഈ സമയങ്ങളിൽ ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി പ്രത്യേക യാത്രാവഴികൾ ക്രമീകരിച്ചിട്ടുണ്ട്.
അങ്കമാലി ഭാഗത്തുനിന്ന് എംസി റോഡ് വഴി വരുന്ന വലിയ വാഹനങ്ങൾ ആലുവ, പെരുമ്പാവൂർ വഴിയും, തിരികെ പെരുമ്പാവൂരിൽ നിന്ന് ഇതേ മാർഗത്തിലൂടെയും യാത്ര ചെയ്യേണ്ടതാണ്. അങ്കമാലി ഭാഗത്തുനിന്നുള്ള ചെറിയ വാഹനങ്ങൾ കാലടിക്കു സമീപം മറ്റൂരിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് മലയാറ്റൂർ–കോടനാട് പാലം, വല്ലം വഴിയും, തിരികെയും സഞ്ചരിക്കാം.
മൂവാറ്റുപുഴ, പെരുമ്പാവൂർ ഭാഗത്തുനിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനങ്ങൾ പെരുമ്പാവൂരിനും കാലടിക്കും ഇടയിലുള്ള വല്ലം ജംക്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് വല്ലംകടവ്–പാറപ്പുറം പാലം, കാഞ്ഞൂർ വഴി പോകേണ്ടതാണ്. തിരിച്ചുള്ള യാത്രയ്ക്കും ഈ വഴി ഉപയോഗിക്കാവുന്നതാണ്.
മഴയില്ലാത്ത സമയം പരമാവധി പ്രയോജനപ്പെടുത്തി നിലവിലുള്ള പാലത്തിന്റെയും അപ്രോച്ച് റോഡുകളുടെയും ടാറിങ്, ടൈലിങ് പണികൾ ഉൾപ്പെടെയുള്ള എല്ലാ അറ്റകുറ്റപ്പണികളും സമയബന്ധിതമായി പൂർത്തീകരിക്കാൻ മന്ത്രി യോഗത്തിൽ നിർദേശിച്ചു. കലക്ടറേറ്റിൽ നടന്ന യോഗത്തിൽ എംഎൽഎമാരായ മനോജ് മൂത്തേടൻ, ടി.ജെ.വിനോദ്, ദീപക് ജോയ്, ഷിബു തെക്കുംപുറം, കലക്ടർ ജി.പ്രിയങ്ക, അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് കെ.
മനോജ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കുകയും ചർച്ചകളിൽ സജീവമായി ഇടപെടുയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

