തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങുന്നു. ആലപ്പുഴ ചേർത്തല കുറ്റിക്കാട്ടുവെളി സ്വദേശി മനു ജോൺസൺ (26) ആണ് മരിച്ചത്.
ഫ്ലാറ്റിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവസ്ഥലത്ത് നിന്ന് യുവാവ് എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.
തന്റെ മരണത്തിന് ഉത്തരവാദി ഭാര്യ വീട്ടുകാരാണെന്നും തനിക്കെതിരെ അവർ കള്ളക്കേസ് നൽകിയെന്നുമാണ് കുറിപ്പിൽ പരാമർശിക്കുന്നത്. ‘എനിക്കെതിരെ കള്ളക്കേസ് കൊടുത്തവരാണ് എന്റെ മരണത്തിന് ഉത്തരവാദി.
അവർക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസ് വേണം. എന്നെ അവളെ ഒന്നു കാണാൻ പോലും ഇതുവരെ സമ്മതിച്ചില്ല.
ഞാൻ പോകുന്നു. ഈ കത്ത് എന്റെ മരണമൊഴി ആണ്.
കഷ്ടപ്പെട്ട് അവളെ നോക്കിയ ഞാൻ ഒരു ചെറിയ വഴക്കിന്റെ പേരിൽ അവൾക്ക് ആരും അല്ലാതെ ആയി. ഗുഡ് ബൈ’ എന്നാണ് കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.
ജോലിസ്ഥലത്ത് ഹാജരാകാതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ ഫ്ലാറ്റിലെത്തി അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. മനു വാതിൽ തുറക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ ഇവർ ബന്ധുക്കളെയും തുടർന്ന് കൗൺസിലറെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
പോലീസെത്തി വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. ഹിൽപാലസ് പോലീസിന്റെ എഫ്ഐആർ പ്രകാരം ബുധനാഴ്ച വൈകിട്ട് 6 മണിക്കും ഇന്നലെ രാവിലെ 11:30നും ഇടയിലാണ് മരണം നടന്നത്.
ഭാര്യയുടെ പരാതിയിൽ നേരത്തെ ആലപ്പുഴ അർത്തുങ്കൽ പോലീസ് സ്റ്റേഷനിൽ മനു ജോൺസനെതിരെ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്തിരുന്നതായി പോലീസ് അറിയിച്ചു. ബിഎൻഎസ്എസ് 194 പ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ, ഭാര്യ വീട്ടുകാർ, ബന്ധുക്കൾ എന്നിവരുടെ മൊഴി വരുംദിവസങ്ങളിൽ പോലീസ് രേഖപ്പെടുത്തും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.
ഹെൽപ്ലൈൻ നമ്പരുകൾ: 1056, 0471-2552056)

