കോഴിക്കോട് മാവൂർ റോഡിലുള്ള പ്രധാന കെഎസ്ആർടിസി ബസ് ടെർമിനലിൽ സീലിങ് തകർന്നു വീണുണ്ടായ അപകടത്തിൽ രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു. 2026 ജൂൺ 12, വെള്ളിയാഴ്ച പുലർച്ചെ 1.22-ഓടെയാണ് സംഭവം.
യാത്രക്കാർ കാത്തിരുന്ന പതിമൂന്നാം നമ്പർ പ്ലാറ്റ്ഫോമിന് സമീപത്താണ് അപകടം നടന്നത്. മാനന്തവാടി, തൊട്ടിൽപാലം ബസുകൾ എത്തുന്ന സ്ഥലമാണിത്.
മേൽക്കൂരയിലെ കോൺക്രീറ്റിന് താഴെയായി ഘടിപ്പിച്ചിരുന്ന ജിപ്സം സീലിങ് പെട്ടെന്ന് ഇളകി താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റത് ആലപ്പുഴ കായംകുളം കിരിക്കാടി കിഴക്കേലമൂട് വീട്ടിൽ മധു (58), വയനാട് മാനന്തവാടി ചെറുപുഴ കോക്കണ്ടത്തിൽ ഹൗസിൽ അജിത്ത് (24) എന്നിവർക്കാണ്.
ഇവരുടെ തലയിൽ ചെറിയ മുറിവുകൾ സംഭവിച്ചതായി റിപ്പോർട്ടുണ്ട്. പുലർച്ചെയുള്ള സമയമായതിനാൽ തിരക്ക് കുറവായിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി.
ടെർമിനൽ കെട്ടിടത്തിന്റെ ബലക്ഷയത്തെക്കുറിച്ച് നേരത്തെ തന്നെ ആശങ്കകൾ നിലനിൽക്കുന്നുണ്ട്. 2021-ൽ മദ്രാസ് ഐഐടി നടത്തിയ പഠനത്തിൽ, ഈ സമുച്ചയത്തിലെ 90 ശതമാനം തൂണുകൾക്കും 80 ശതമാനം ബീമുകൾക്കും സ്ലാബുകൾക്കും ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ഇവ അടിയന്തരമായി ബലപ്പെടുത്തണമെന്നും ഇതിനായി 30 കോടിയിലധികം രൂപ ചെലവ് വരുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന്, ഹൈക്കോടതി നിർദേശപ്രകാരം തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ.
എൻജിനീയറിങ് കോളജിലെ വിദഗ്ധ സംഘവും ഈ വർഷം ആദ്യം പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ ആര് നടത്തണം എന്നതുമായി ബന്ധപ്പെട്ട് സർക്കാരും (കെടിഡിഎഫ്സി) പാട്ടക്കരാർ എടുത്ത അലിഫ് ബിൽഡേഴ്സും തമ്മിൽ കോടതിയിൽ നിയമതർക്കം തുടരുകയാണ്.
കെട്ടിടം തങ്ങൾക്കാണോ കൈമാറിയതെന്ന കാര്യത്തിൽ ഇരുവിഭാഗവും വ്യത്യസ്ത വാദങ്ങളാണ് ഉന്നയിക്കുന്നത്. കെടിഡിഎഫ്സി അറ്റകുറ്റപ്പണി നടത്തണമെന്നാണ് പാട്ടക്കാരുടെ വാദം.
എന്നാൽ, കെട്ടിടം കൈമാറിയ അവസ്ഥയിൽ തന്നെ സംരക്ഷിക്കേണ്ടത് കരാർ കമ്പനിയാണെന്ന് സർക്കാർ വാദിക്കുന്നു. ടെർമിനലിലെ ഒന്നാം നിലയിലെ സീലിങ്ങും കുറച്ചു ദിവസങ്ങൾക്ക് മുൻപ് തകർന്നു വീണിരുന്നു.
തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ യാത്രക്കാർക്കും കെഎസ്ആർടിസി ജീവനക്കാർക്കും വലിയ ഭീഷണിയായി തുടരുകയാണ്. ബലക്ഷയം കാരണം ടെർമിനലിലെ മുകൾനിലകൾ വാടകയ്ക്ക് നൽകാൻ സാധിക്കാത്ത സ്ഥിതിയും നിലവിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

