തൃശൂർ നഗരത്തിൽ അപകടകരമായ രീതിയിൽ വാതിലുകൾ തുറന്നിട്ട് സർവീസ് നടത്തിവന്ന ബസുകൾക്കെതിരെ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം കർശന നടപടി സ്വീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പ്രത്യേക പരിശോധനയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഉൾപ്പെടെ 45 വാഹനങ്ങൾ അധികൃതർ പിടികൂടി.
നിയമലംഘനം നടത്തിയ ഓരോ ബസിനും 2000 രൂപ വീതം ആകെ 90,000 രൂപ പിഴ ഈടാക്കി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ പി.വി.ബിജുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
അതേസമയം, തേഞ്ഞിപ്പലം പഞ്ചായത്തിലെ മേലേ ചേളാരി ജംക്ഷനിലുണ്ടാകുന്ന രൂക്ഷമായ ഗതാഗത തടസ്സങ്ങൾക്ക് പരിഹാരമായി പുതിയ ട്രാഫിക് പരിഷ്കരണങ്ങൾ നടപ്പിലാക്കാൻ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചു. എൻഎച്ച് സർവീസ് റോഡും മാതാപ്പുഴ മരാമത്ത് റോഡും സംഗമിക്കുന്ന ഭാഗത്തെ ഗതാഗത തടസ്സം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഈ മേഖലയിലെ വാഹന പാർക്കിങ്ങും നിലവിലെ ബസ് സ്റ്റോപ്പുകളും പുനഃക്രമീകരിക്കും.
പുതിയ ക്രമീകരണങ്ങൾ പ്രകാരം: കോഴിക്കോട് ദിശയിലേക്കുള്ള ബസ് കാത്തിരിപ്പുകേന്ദ്രം ഐഒസി പെട്രോൾ പമ്പിന് സമീപത്തേക്ക് മാറ്റും. കൂടാതെ, ചേളാരി ജംക്ഷന് വടക്ക് മാറി ആലുങ്ങൽ റോഡ് ജംക്ഷന് സമീപം ഹൈവേ അതോറിറ്റി നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രവും യാത്രക്കാർക്ക് പ്രയോജനപ്പെടുത്താം.
മാതാപ്പുഴ, കടക്കുട്ടുപാറ, കൊളത്തോട്, അരീപ്പാറ തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ബസുകൾ ഇനിമുതൽ മുസ്ലിം ലീഗ് ഓഫിസ് പരിസരത്താണ് പാർക്ക് ചെയ്യേണ്ടത്. ജംക്ഷനിലെ സ്ഥലലഭ്യത ഉറപ്പാക്കുന്നതിനായി ഭൂമി ഏറ്റെടുത്ത് മരാമത്ത് റോഡ് വികസിപ്പിക്കുന്നതിനുള്ള റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിക്കാനും യോഗം തീരുമാനിച്ചു.
ഹൈവേ സർവീസ് റോഡിലെ ഓട്ടോറിക്ഷാ പാർക്കിങ് മാറ്റിസ്ഥാപിക്കുമെങ്കിലും, ഇക്കാര്യത്തിൽ ഓട്ടോറിക്ഷാ തൊഴിലാളി സംഘടനാ പ്രതിനിധികളുമായി ചർച്ചകൾ നടത്തിയ ശേഷമേ അന്തിമ തീരുമാനം നടപ്പാക്കുകയുള്ളൂ. ആലുങ്ങൽ റോഡ് ജംക്ഷന് സമീപമുള്ള ഹൈവേയിലെ നിലവിലെ എൻട്രി പോയിന്റ് എക്സിറ്റ് ആക്കി മാറ്റണമെന്ന ആവശ്യവും ബന്ധപ്പെട്ട
ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കും. തൃശൂർ ദിശയിലേക്കുള്ള സർവീസ് റോഡിൽ നിലവിൽ ഗതാഗത തടസ്സങ്ങൾ ഇല്ലാത്തതിനാൽ അവിടെ മാറ്റങ്ങൾ വരുത്തിയിട്ടില്ല.
പഞ്ചായത്ത് പ്രസിഡന്റ് ശരീഫ അസീസ് മേടപ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് പി.വി. അൻവർ, സ്ഥിരസമിതി അധ്യക്ഷൻ കള്ളിയിൽ ഫിറോസ്, മറ്റ് ജനപ്രതിനിധികളായ അമൃത, അഭയദേവ്, പി.
ദിനേശ്, രാജേഷ് കുമാർ എന്നിവരും പങ്കെടുത്തു. പോലീസ്, പൊതുമരാമത്ത് വകുപ്പ് റോഡ്സ് ഡിവിഷൻ ഉദ്യോഗസ്ഥരും ചർച്ചയിൽ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

