ഹരിദ്വാർ കേന്ദ്രീകരിച്ച് പുരോഗമിക്കുന്ന ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മി നായകനാകുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ പ്രതിഷേധം. ചിത്രീകരണത്തിന്റെ ഭാഗമായി ഒരുക്കിയ സെറ്റിലെ സൈൻബോർഡിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
ആത്മീയ പ്രാധാന്യമുള്ള നഗരത്തിൽ ‘കഫെ ആന്റ് ബാർ’ എന്ന് എഴുതിയ ബോർഡ് സ്ഥാപിച്ചത് മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് ഹിന്ദു സംഘടനകൾ രംഗത്തെത്തിയത്. ഹരിദ്വാറിൽ മദ്യപാനത്തിന് സമ്പൂർണ്ണ നിരോധനമുള്ള സാഹചര്യത്തിൽ ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നത് നഗരത്തിന്റെ പവിത്രതയെ ബാധിക്കുമെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്.
ഇത് വെറുമൊരു സിനിമാ സെറ്റ് മാത്രമാണെന്ന് അണിയറപ്രവർത്തകർ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല. തുടർന്ന് സംഘർഷാവസ്ഥ ഒഴിവാക്കുന്നതിനായി അണിയറക്കാർ സൈൻബോർഡ് അടിയന്തരമായി നീക്കം ചെയ്യുകയായിരുന്നു.
പ്രതിഷേധം അവസാനിച്ചതോടെ ചിത്രീകരണം സാധാരണ നിലയിലായി. ഇതിനിടെ, ഇമ്രാൻ ഹാഷ്മി നായകനായി എത്തുന്ന പുതിയ ചിത്രം ആവാരാപൻ 2 ഈ വർഷം ഓഗസ്റ്റ് 14-ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
2007-ൽ പുറത്തിറങ്ങിയ ജനപ്രിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. അതേദിവസം തന്നെ സണ്ണി ഡിയോൾ പ്രധാന വേഷത്തിലെത്തുന്ന ബത്വാര 1947 എന്ന ചിത്രവും തിയേറ്ററുകളിൽ എത്തുന്നതിനാൽ ബോക്സ് ഓഫീസിൽ വലിയ മത്സരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

