താമരശ്ശേരി ചുരത്തിൽ നടക്കുന്ന നവീകരണ പ്രവൃത്തികളുടെ പശ്ചാത്തലത്തിൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അട്ടിമറിക്കപ്പെടുന്നു. പൊലീസിന്റെ അനാസ്ഥയെത്തുടർന്ന് നിരോധനം ലംഘിച്ച് വാഹനങ്ങൾ സർവീസ് നടത്തുന്നത് പതിവായതോടെ ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ചുരത്തിലെ 6ാം വളവിൽ മൾട്ടി ആക്സിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് അര മണിക്കൂറോളം ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. സംഭവസ്ഥലത്ത് പൊലീസിന്റെ സേവനം ലഭ്യമാകാതിരുന്ന സാഹചര്യം ഉണ്ടായതോടെ, മറ്റു വാഹനങ്ങളിലെ യാത്രക്കാർ നേരിട്ടിറങ്ങി ഗതാഗതം നിയന്ത്രിക്കേണ്ടി വന്നു.
അടിവാരത്തും ലക്കിടിയിലും പൊലീസ് സാന്നിധ്യം ഇല്ലാത്തതാണ് നിയന്ത്രണം ലംഘിച്ച് ഭാരവാഹനങ്ങൾ കടന്നുവരാൻ കാരണമാകുന്നത്. കോഴിക്കോട്, വയനാട് ജില്ലാ കലക്ടർമാരുടെ ഉത്തരവ് പ്രകാരം രാവിലെ 6 മണി മുതൽ രാത്രി 8 വരെ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ചുരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ ഈ സമയക്രമം പാലിക്കപ്പെടുന്നില്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി 6ാം വളവിൽ മണ്ണും കല്ലും നിക്ഷേപിച്ചിരിക്കുന്നതിനാൽ ഒരു വാഹനത്തിന് മാത്രമാണ് നിലവിൽ കടന്നുപോകാൻ സാധിക്കുന്നത്.
ഇത്തരം സാഹചര്യത്തിൽ വലിയ വാഹനങ്ങൾ വളവ് തിരിയുന്നത് ഏറെ സാഹസകരമാണ്. കൂടാതെ, നിയന്ത്രണമുള്ള വാഹനങ്ങൾ രാത്രി സമയങ്ങളിൽ കൂട്ടത്തോടെ ചുരം കടക്കുന്നത് ഗതാഗത തടസ്സം വർധിപ്പിക്കുന്നുണ്ട്.
നവീകരണ പ്രവൃത്തികൾ പൂർത്തിയാകുന്നത് വരെ ചുരത്തിൽ രാപകൽ പൊലീസ് സാന്നിധ്യം ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായി ഉയരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

