ദേശീയപാത 66-ന്റെ വരാപ്പുഴ മുതൽ മൂത്തകുന്നം വരെയുള്ള ഭാഗങ്ങളിൽ രൂപപ്പെട്ട ഭീമാകാരമായ കുഴികൾ യാത്രക്കാർക്ക് കടുത്ത ദുരിതം സൃഷ്ടിക്കുന്നു.
അശാസ്ത്രീയമായ രീതിയിൽ നടത്തുന്ന താൽക്കാലിക അറ്റകുറ്റപ്പണികൾ അടുത്ത മഴയിൽത്തന്നെ നശിക്കുന്നത് പതിവായിരിക്കുകയാണ്. ചെറിയപ്പിള്ളി മുതൽ ഘണ്ഠാകർണൻ വെളി വരെയുള്ള ഭാഗങ്ങളിൽ ചെളിയും വെള്ളക്കെട്ടും കാരണം ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ നിയന്ത്രണം വിട്ട് മറിയുന്ന സംഭവങ്ങൾ വർധിച്ചുവരികയാണ്.
കഴിഞ്ഞ ദിവസം ഘണ്ഠാകർണൻ വെളിയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടതിനെത്തുടർന്ന് വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. തുടർന്ന് താൽക്കാലികമായി കുഴികൾ അടച്ചെങ്കിലും പിറ്റേന്ന് പെയ്ത മഴയിൽ റോഡ് വീണ്ടും പഴയ അവസ്ഥയിലായി.
ഇന്നലെ മുനമ്പം കവലയിൽ നടത്തിയ അറ്റകുറ്റപ്പണികളും നിലവാരമില്ലാത്തതാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇത്തരം അനാസ്ഥകൾ വലിയ അപകടങ്ങൾക്കും ജീവഹാനിക്കും കാരണമായേക്കാമെന്ന ആശങ്ക ശക്തമാണ്.
സിപിഎം ഏരിയ കമ്മിറ്റിയുടെ ഇടപെടൽ
റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം ഏരിയ കമ്മിറ്റി മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, ജില്ലാ കലക്ടർ എന്നിവർക്ക് നിവേദനം സമർപ്പിച്ചു. പുതിയ ദേശീയപാത നിർമാണത്തിനായി ഭാരമേറിയ ടോറസ് ലോറികൾ ഇതുവഴി കടന്നുപോകുന്നത് റോഡിന്റെ തകർച്ച വേഗത്തിലാക്കുന്നുണ്ടെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
പ്രതിസന്ധികൾ തുടരുന്നു
ഈ ഭാഗത്ത് റീ-ടാറിങ് നടത്തേണ്ട സമയം അതിക്രമിച്ചിട്ടും നടപടികളുണ്ടായിട്ടില്ല.
പൊതുമരാമത്ത് വിഭാഗത്തിന് 2025 ഡിസംബറിൽ 12 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും, രണ്ടുതവണ വിളിച്ച ടെൻഡറുകൾ ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. ഈ മാസം 15-ന് നടക്കാനിരിക്കുന്ന അവസാന ടെൻഡർ നടപടികൾ എങ്കിലും കാര്യക്ഷമമായി പൂർത്തിയാക്കി നിർമ്മാണം തുടങ്ങണമെന്ന് സിപിഎം ഏരിയ സെക്രട്ടറി ടി.വി.നിഥിൻ ആവശ്യപ്പെട്ടു.
നടപടികൾ വൈകിയാൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

