പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് താൽക്കാലിക ശമനമുണ്ടായെങ്കിലും, ആഗോള വിപണികളിൽ ആശങ്കകളും ഉദ്വേഗങ്ങളും നിലനിൽക്കുകയാണ്. ഇതിന്റെ ഭാഗമായി യുഎസിൽ നടക്കുന്ന നിർണായക കൂടിക്കാഴ്ചകളിലാണ് നിക്ഷേപകരുടെ ശ്രദ്ധ മുഴുവൻ.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവും നടത്തുന്ന ചർച്ച ഇതിൽ പ്രധാനപ്പെട്ട ഒന്നാണ്.
ഇറാനുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇരുവരും പ്രധാനമായും ചർച്ച ചെയ്യുന്നത്.
മുൻപ് ഇരുനേതാക്കളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇറാനിൽ സംയുക്ത ആക്രമണം നടത്താൻ തീരുമാനമെടുത്തത് എന്നതിനാൽ, ഈ സന്ധിയില്ലാ ചർച്ചകൾ വിപണിയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇറാനും യുക്രെയ്നും തമ്മിൽ പുതിയ തർക്കങ്ങൾ ഉടലെടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ, യുക്രെയ്ൻ പ്രസിഡന്റ് വ്ളാദ്മിർ സെലെൻസ്കി ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതും നിക്ഷേപകർ ഏറെ ആകാംഷയോടെയാണ് ഉറ്റുനോക്കുന്നത്.
ചരക്കുകപ്പലിനെ യുക്രെയ്ൻ ആക്രമിച്ചെന്നും ഇതിന് ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാൻ വ്യക്തമാക്കിയ സ്ഥിതിക്ക്, ഇത്തരം സംഭവങ്ങൾ യൂറോപ്യൻ രാജ്യങ്ങളെക്കൂടി നിലവിലെ സംഘർഷത്തിലേക്ക് വലിച്ചിഴക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതേസമയം, ഇറാനുമായി മധ്യസ്ഥരുടെ നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ വിപണിക്ക് ചെറിയ തോതിൽ ആശ്വാസം പകരുന്നുണ്ട്.
ഇതിന്റെ ഫലമായി ക്രൂഡോയിൽ വിലയിൽ തുടർച്ചയായ ഇടിവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും സ്വർണവില ഇപ്പഴും ഇടിവിലാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ ഓഹരി വിൽപനയാണ് ആഗോള വിപണിക്ക് തിരിച്ചടിയായിരിക്കുന്നത്.
ഇറാന് ബോംബിനേക്കാൾ വലിയ സാമ്പത്തിക പ്രഹരം
സൈനിക നടപടികളേക്കാൾ ഉപരിയായി ഇറാനുമേൽ വലിയ സാമ്പത്തിക ആഘാതം സൃഷ്ടിക്കാൻ യുഎസ് നാവിക ഉപരോധത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. എണ്ണസമ്പന്ന രാജ്യമാണെങ്കിലും ഇറാനിൽ രൂക്ഷമായ പെട്രോൾ പ്രതിസന്ധിയുണ്ടാകുന്നത് ഇതിന്റെ പ്രധാന ഉദാഹരണമാണെന്ന് യുഎസ് ഇന്റലിജൻസ് ഏജൻസികളുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
രാജ്യത്തെ സൈനികർക്ക് കൃത്യസമയത്ത് ശമ്പളം നൽകാൻ പോലും നിലവിൽ ഇറാനിൽ വലിയ പ്രതിസന്ധിയുണ്ട്. ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം ഏറ്റെടുക്കണമെന്നും ഇതുവഴിയുള്ള കപ്പലുകളിൽ നിന്ന് ടോൾ പിരിക്കുമെന്നും ഇറാൻ നിരന്തരം ആവശ്യപ്പെടുന്നതിന്റെ പ്രധാന കാരണവും ഈ സാമ്പത്തിക തകർച്ചയാണെന്ന് യുഎസ് അധികൃതർ വിശ്വസിക്കുന്നു.
സൈനിക നീക്കങ്ങൾ അവസാനിപ്പിക്കുന്നതിനൊപ്പം യുഎസ് മരവിപ്പിച്ച തങ്ങളുടെ ആസ്തികൾ പൂർണ്ണമായി വിട്ടുനൽകണമെന്നും ഇറാൻ മുൻപ് ആവശ്യപ്പെട്ടിരുന്നു. താരിഫ് വീണ്ടും കോടതിയിലേക്ക്
യുഎസ് വ്യാപാര നിയമത്തിലെ 301ാം വകുപ്പ് പ്രകാരം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചുമത്തിയ പുതിയ തീരുവ വീണ്ടും നിയമപോരാട്ടത്തിലേക്ക് നീങ്ങുകയാണ്.
ട്രംപിന്റെ ഈ തീരുമാനത്തിനെതിരെ യുഎസിലെ ചെറുകിട വ്യാപാരികൾ തന്നെയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
തൊഴിൽ മേഖലയിൽ നിർബന്ധിത വ്യവസ്ഥകൾ അടിച്ചേൽപ്പിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് വിവിധ രാജ്യങ്ങൾക്ക് മേൽ 10 മുതൽ 12.5 ശതമാനം വരെ തീരുവ ട്രംപ് ചുമത്തിയത്. പ്രതികാരത്തീരുവ കഴിഞ്ഞ മാസങ്ങളിൽ യുഎസ് കോടതി റദ്ദാക്കിയതിനു പിന്നാലെ ട്രംപ് ഭരണകൂടം നേരിടുന്ന അടുത്ത വലിയ നിയമയുദ്ധമാണിത്.
വിവിധ രാജ്യങ്ങൾക്ക് മേൽ ചുമത്തുന്ന തീരുവയുടെ അളവ് തീരുമാനിച്ച ശേഷം അതിനുള്ള ന്യായീകരണങ്ങൾ പിന്നീട് കണ്ടെത്തുകയാണ് ട്രംപ് ഭരണകൂടം ചെയ്യുന്നതെന്ന് വ്യാപാരികൾ കോടതിയിൽ ആരോപിച്ചു. ഇത്തരം നയങ്ങൾ യുഎസിലെ ചെറുകിട
ബിസിനസുകളെ സാരമായി ബാധിക്കുമെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. കുത്തനെ ഇടിഞ്ഞ് ക്രൂഡോയിൽ വില
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് താൽക്കാലിക വിരാമമായതോടെ ക്രൂഡോയിൽ വിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്.
ബ്രെന്റ് ക്രൂഡോയിൽ വില ബാരലിന് 87.22 ഡോളറിലെത്തി. കഴിഞ്ഞ ആഴ്ച ഇത് 100 ഡോളറിന് മുകളിലേക്ക് ഉയർന്നിരുന്നു.
ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 81.28 ഡോളറിലും യുഎഇയുടെ മർബൻ ക്രൂഡ് 84 ഡോളറിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോളതലത്തിൽ പണപ്പെരുപ്പവും പലിശ നിരക്ക് വർധനയും മൂലമുള്ള ഭീഷണികൾ ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കുന്ന നിർണായക നീക്കമാണിത്.
ഓഹരി വിപണിയുടെ ഇന്നത്തെ അവസ്ഥ
തുടർച്ചയായ 5 വ്യാപാരദിനങ്ങളിലെ നഷ്ടത്തിന് ശേഷം ഇന്ത്യൻ ഓഹരിവിപണിയിൽ ഇന്നലെ മികച്ച തിരിച്ചുവരവാണ് ഉണ്ടായത്. വിപണിയുടെ എല്ലാ മേഖലകളിലും ശക്തമായ വാങ്ങൽ താൽപര്യം പ്രകടമായിരുന്നു.
പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ മെച്ചപ്പെടുന്നുവെന്ന സൂചന ലഭിച്ചതാണ് വിപണിയെ നേട്ടത്തിലേക്ക് നയിച്ചത്. സെൻസെക്സ് 776 പോയിന്റും നിഫ്റ്റി 228 പോയിന്റും ഉയർന്നു.
നിക്ഷേപകരുടെ ആസ്തി മൂല്യത്തിൽ ഇന്നലെ മാത്രം 5.10 ലക്ഷം കോടി രൂപയുടെ വൻ വർധനവാണ് രേഖപ്പെടുത്തിയത്. എറ്റേണൽ, ഇൻഡിഗോ, ഇൻഫോസിസ്, ബജാജ് ഫിനാൻസ്, മഹിന്ദ്ര ആൻഡ് മഹിന്ദ്ര എന്നീ കമ്പനികളുടെ ഓഹരികൾ വിപണിയിൽ മികച്ച മുന്നേറ്റം കാഴ്ചവച്ചു.
ക്രൂഡ് ഓയിൽ വില 8 ശതമാനത്തിലേറെ ഇടിഞ്ഞ് 90 ഡോളർ നിലവാരത്തിനു താഴെയെത്തിയതോടെ ഓട്ടോമൊബീൽ കമ്പനികളും അസംസ്കൃത വസ്തുവായി ക്രൂഡ് ഉപയോഗിക്കുന്ന മറ്റ് കമ്പനികളും വലിയ നേട്ടമുണ്ടാക്കി. എന്നാൽ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് തുടങ്ങിയ പ്രമുഖ ഓഹരികളുടെ ഇടിവ് ഇപ്പഴും തുടരുകയാണ്.
മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ 1.5 ശതമാനത്തിനു മുകളിലാണ് ഇന്നലത്തെ നേട്ടം. രൂപയുടെ മൂല്യത്തിൽ ഇന്നലെ 63 പൈസയുടെ വർധനവുണ്ടായി.
ഡോളറിനെതിരെ രൂപയുടെ മൂല്യം 95.90 നിലവാരത്തിലാണ് എത്തി നിൽക്കുന്നത്. ഇറാനും യുഎസും ആക്രമണങ്ങൾ നിർത്തിവച്ച് ചർച്ചകളിലേക്ക് കടന്നതിന്റെ താൽക്കാലിക ആശ്വാസത്തിലാണ് ഇന്ത്യൻ നിക്ഷേപകർ.
യുഎസ് ഫെഡ് റിസർവ് വരും ദിവസങ്ങളിൽ പലിശ നിരക്കിൽ മാറ്റം വരുത്തിയേക്കില്ലെന്ന സൂചനയും വിപണിക്ക് അനുകൂലമായി. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ തുടർ ചലനങ്ങളും ക്രൂഡോയിൽ വിലയിലെ കയറ്റിറങ്ങളുമാകും വരുന്ന ദിവസങ്ങളിൽ വിപണിയുടെ ഗതി നിർണയിക്കുക.
അതേസമയം, വിപണിയുടെ ഗതി അളക്കാൻ സഹായിക്കുന്ന ഗിഫ്റ്റ് നിഫ്റ്റിയിലെ വ്യാപാരം കാര്യമായ നേട്ടത്തിലല്ല നടക്കുന്നത്. അതിനാൽ ഇന്നത്തെ ഇന്ത്യൻ ഓഹരി വിപണി കൂടുതൽ ജാഗ്രതയോടെയാകും വ്യാപാരം ആരംഭിക്കുക.
എണ്ണവില ഇടിഞ്ഞിട്ടും രക്ഷപ്പെടാതെ യുഎസ് സൂചികകൾ
ക്രൂഡോയിൽ വിലയിടിവ് ഇന്ത്യൻ വിപണി സൂചികകളെ മികച്ച നേട്ടത്തിലാക്കിയെങ്കിലും, യുഎസ് സൂചികകളെ കരകയറ്റാൻ ഇത് സഹായിച്ചില്ല. അവിടത്തെ സൂചികകൾ സമ്മിശ്രമായാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ കമ്പനികളുടെ പാദഫലങ്ങൾ പുറത്തുവരുന്നതിന് തൊട്ടുമുമ്പ് ഈ മേഖലയിൽ നടന്ന കനത്ത ഓഹരി വിൽപ്പനയാണ് തിരിച്ചടിയായത്. ഡൗ ജോൺസ് സൂചിക 0.51 ശതമാനവും എസ് ആൻഡ് പി സൂചിക 0.02 ശതമാനവും മാത്രം നേട്ടത്തിലായപ്പോൾ, നാസ്ഡാക് സൂചിക 0.18 ശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
എഐ മേഖലയിൽ ചൈന അത്യാധുനിക സങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുക്കുന്നുണ്ടെന്ന വാർത്തകളും നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. സെമിക്കണ്ടക്ടർ ചിപ്പുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന ലിതോഗ്രാഫി യന്ത്രങ്ങൾ ചൈന തന്നെ തദ്ദേശീയമായി വികസിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എഐ ഓഹരികളിൽ നിന്ന് നിക്ഷേപകർ മറ്റ് മേഖലകളിലേക്ക് പണം പിൻവലിക്കുന്നതും വിപണിക്ക് തിരിച്ചടിയായെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഏഷ്യൻ വിപണികളിൽ വീണ്ടും ചിപ്പ് വിൽപന
ഏഷ്യൻ വിപണികളെയാകെ ക്ഷീണത്തിലാക്കിക്കൊണ്ട് സെമിക്കണ്ടക്ടർ കമ്പനികളുടെ ഓഹരികളിൽ കനത്ത വിൽപ്പനയാണ് നടക്കുന്നത്.
അടുത്തിടെ യുഎസ് വിപണിയിൽ ലിസ്റ്റ് ചെയ്ത ദക്ഷിണ കൊറിയൻ സെമിക്കണ്ടക്ടർ കമ്പനിയായ എസ്കെ ഹൈനികിസിന്റെ ഓഹരികൾ 10 ശതമാനത്തോളം ഇടിഞ്ഞു. സാംസങ് ഇലക്ട്രോണിക്സ് ഓഹരികളും 8 ശതമാനത്തോളം നഷ്ടത്തിലാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഹൈ ബാൻഡ്വിഡ്ത്ത് ചിപ്പുകൾ നിർമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കമ്പനികളാണ് സാംസങും എസ്കെ ഹൈനികിസും. ഇതിന്റെ ഫലമായി കോസ്പി സൂചികയും 8 ശതമാനത്തോളം നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.
സമാനമായ ട്രെൻഡ് ജാപ്പനീസ് വിപണിയിലേക്കും വ്യാപിച്ചിട്ടുണ്ട്. പ്രമുഖ സെമിക്കണ്ടക്ടർ കമ്പനിയായ ടോക്കിയോ ഇലക്ട്രോൺ 9 ശതമാനവും അഡ്വാന്റെസ്റ്റ് 8 ശതമാനവും ഇടിഞ്ഞു.
പ്രധാന എഐ നിക്ഷേപക സ്ഥാപനമായ സോഫ്റ്റ്ബാങ്കിന്റെ ഓഹരികൾ 5 ശതമാനവും കംപ്യൂട്ടർ ചിപ്പ് നിർമാണ കമ്പനിയായ കിയോക്സിയ 15 ശതമാനവുമാണ് ഇടിഞ്ഞത്. യുഎസ് സെമിക്കണ്ടക്ടർ ഓഹരികളിലുണ്ടായ കനത്ത നഷ്ടമാണ് ഏഷ്യൻ വിപണികളിലേക്കും ആവർത്തിക്കപ്പെട്ടത്.
എന്നാൽ ഹോങ്കോങ് സൂചിക നേട്ടത്തിൽ വ്യാപാരം തുടർന്നപ്പോൾ ഷാങ്ഹായ് സൂചിക നഷ്ടത്തിലാണ് അവസാനിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

