അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചുനീക്കണമെന്ന ഹൈക്കോടതി നിർദ്ദേശം നടപ്പാക്കുന്നതിനിടയിൽ അനുവാദമില്ലാതെ സമീപത്തെ കടമുറി കൂടി തകർത്തതായി പരാതി. ഹരിപ്പാട് വെട്ടുവേനി മണ്ണൂർ പടീറ്റതിൽ അശോകൻ (49) ആണ് തന്റെ ഉപജീവന മാർഗമായ കടമുറി നഷ്ടപ്പെട്ടുവെന്ന് കാട്ടി ഹരിപ്പാട് പൊലീസിൽ പരാതി നൽകിയത്.
ശ്രീവൽസം ടെക്സ്റ്റൈൽസിനു സമീപമുള്ള അവരുടെ മൂന്ന് കടമുറികളാണ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഞായർ പുലർച്ചെ പൊളിച്ചുമാറ്റിയത്. ഇതിനോട് ചേർന്നു പ്രവർത്തിച്ചിരുന്ന മുറിയാണ് അശോകന്റേത്.
ശ്രീവൽസം ഗ്രൂപ്പിന്റെയും അശോകന്റെയും കടമുറികൾക്ക് ഒരേ ബീമാണുള്ളതാണെന്നും, അബദ്ധത്തിൽ അശോകന്റെ കടമുറി കൂടി പൊളിഞ്ഞുപോയതാകാമെന്നുമാണ് ശ്രീവൽസം ഗ്രൂപ്പിന്റെ വിശദീകരണം. സംഭവമറിഞ്ഞെത്തിയ അശോകന്റെ ഫ്രിജും മറ്റ് ചില സാധനങ്ങളും പുറത്തേക്ക് മാറ്റിയിരുന്നു.
പള്ളിപ്പാട് സ്വദേശി ബാലസുബ്രഹ്മണ്യൻ നൽകിയ ഹർജിയിലായിരുന്നു റോഡിനു സമീപമുള്ള ശ്രീവൽസം ഗ്രൂപ്പിന്റെ പഴയ കെട്ടിടം അപകടഭീഷണി ഉയർത്തുന്നുണ്ടെന്ന് കണ്ട് ഹൈക്കോടതി നഗരസഭാ സെക്രട്ടറിക്ക് പൊളിച്ചുനീക്കാൻ ഉത്തരവ് നൽകിയത്. സംഭവത്തെ തുടർന്ന് ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ഹരിപ്പാട് എസ്എച്ച്ഒയുടെ നേതൃത്വത്തിൽ ശ്രീവൽസം ഗ്രൂപ്പ് പ്രതിനിധികളും അശോകനുമായി ചർച്ച നടത്തി.
അശോകന് പുതിയ കട നിർമ്മിച്ചു നൽകാമെന്നും അതുവരെ പ്രതിമാസം 20,000 രൂപ വീതം ജീവനോപാധിക്കായി നൽകാമെന്നും ശ്രീവൽസം ഗ്രൂപ്പ് അറിയിച്ചിട്ടുണ്ടെന്നും താൻ ഇതു സമ്മതിച്ചതായും അശോകൻ വ്യക്തമാക്കി.
എങ്കിലും കടമുറി തകർക്കുകയും ഉള്ളിലുണ്ടായിരുന്ന സാധനങ്ങൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ വെട്ടുവേനി ചെറായി വീട്ടിൽ ഷാഹുൽ ഹമീദ് (ചെറായി ഷാജി–56), ഒപ്പം കണ്ടാലറിയാവുന്ന പതിനഞ്ചോളം പേർക്കുമെതിരെ പൊലീസ് കേസെടുത്തു. കട
പൊളിക്കുന്നതിനിടയിൽ റോഡരികിലെ നടപ്പാതയുടെ കൈവരിയും അതിലുണ്ടായിരുന്ന ചെടിച്ചട്ടികളും സ്റ്റാൻഡുകളും നശിപ്പിച്ചതിന് നഗരസഭാ അധികൃതരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തുടർന്ന് ഷാഹുൽ ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു.
നാട്ടുകാരും ജനപ്രതിനിധികളും പ്രതിഷേധവുമായി സംഭവസ്ഥലത്ത് എത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

