നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യവുമായി കോക്രോച്ച് ജനതാപാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ വ്യാപകമാകുന്നു. പുണെ സർവകലാശാല ക്യാംപസിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ നാലായിരത്തോളം വിദ്യാർഥികളാണ് പങ്കെടുത്തത്.
“ഒരു കോടി വിദ്യാർഥികളുടെ ഭാവിയെക്കാൾ വലുതാണോ വിശ്വഗുരുവിന് ഒരു മന്ത്രി” എന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ ചോദിച്ചു. മന്ത്രി രാജിവെക്കുന്നതുവരെ സമരം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയിരുന്നു. രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം.
ഇതിന്റെ ഭാഗമായി ലക്നൗ, അമൃത് സർ, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ വരുംദിവസങ്ങളിൽ പ്രതിഷേധങ്ങൾ നടക്കും. ജൂൺ 15-ന് ജയ്പുരിൽ നടക്കുന്ന യോഗത്തിന് ശേഷം, ജൂൺ 20-ന് ഡൽഹിയിൽ അനിശ്ചിതകാല സമരത്തിന് തുടക്കമിടുമെന്ന് അഭിജീത് ദീപ്കെ അറിയിച്ചു.
പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കണമെന്നും ചോദ്യപേപ്പർ ചോർച്ച ഉണ്ടായാൽ മൂന്ന് ദിവസത്തിനുള്ളിൽ പുനഃപരീക്ഷ നടത്താൻ സംവിധാനമൊരുക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. പരീക്ഷാ ഫലം ഒരു മാസത്തിനുള്ളിൽ പ്രഖ്യാപിക്കണമെന്നും, അനിശ്ചിതമായി വൈകുന്ന പക്ഷം വിദ്യാർഥികളുടെ പ്രായപരിധി കണക്കിലെടുത്ത് തുടർപരീക്ഷകൾക്ക് അവസരം നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു.
അതേസമയം, ജന്തർമന്തറിൽ സിജെപി നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഹരിയാനയിലെ റൊഹ്തക്കിലുള്ള സർക്കാർ സ്കൂളിലെ ഗെസ്റ്റ് അധ്യാപികയായ സുലേഖ ദലാലിനെ സസ്പെൻഡ് ചെയ്ത നടപടിയും വിവാദമായിട്ടുണ്ട്. സമരത്തിൽ പങ്കെടുത്ത് സംസാരിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിനെത്തുടർന്നാണ് നടപടി.
“സിജെപി രാജ്യത്തിനുള്ള വലിയ സന്ദേശമാണ്. സർക്കാരിന് യുവാക്കളെ അവഗണിക്കാനാവില്ല.
ഞങ്ങളെ പരിഹസിക്കുന്നതിനു പകരം രാജ്യത്തെ യുവാക്കൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുകയാണു വേണ്ടത്” എന്ന് അഭിജീത് ദീപ്കെ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

