കോഴിക്കോട് ജില്ലയിലെ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ സന്ദർശനം. സിപിഎം മുൻ എംഎൽഎയും മുതിർന്ന നേതാവുമായ തോട്ടത്തിൽ രവീന്ദ്രന്റെ വസതിയിൽ ഇദ്ദേഹം എത്തിയത് പാർട്ടി പ്രവർത്തകർക്കിടയിൽ കടുത്ത അതൃപ്തിക്കും വിമർശനങ്ങൾക്കും കാരണമായിട്ടുണ്ട്.
രാഷ്ട്രീയമായി ബിജെപിയെ രൂക്ഷമായി എതിർക്കുന്ന സിപിഎം പ്രതിരോധത്തിൽ നിൽക്കുന്ന സാഹചര്യത്തിൽ, പാർട്ടിയുടെ പ്രമുഖ നേതാവ് ബിജെപി മന്ത്രിയെ വീട്ടിൽ സ്വീകരിച്ചതിനെതിരെ പ്രവർത്തകരിൽ നിന്ന് തന്നെ ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്ന ഒരാളുടെ വീട്ടിൽ ബിജെപി നേതാവ് എത്തിയത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന സംശയമാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പാർട്ടി ഗ്രൂപ്പുകളിലും നിറയുന്നത്.
ആർജെഡി നേതാവ് എം.വി.ശ്രേയാംസ്കുമാർ, സിപിഎം മുൻ നേതാവ് വെള്ളപ്പാലത്ത് ബാലകൃഷ്ണൻ നായർ എന്നിവരെയും സുരേഷ് ഗോപി സന്ദർശിച്ചത് രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമാണെന്ന ചർച്ചകളും സജീവമാണ്. നരേന്ദ്ര മോദി സർക്കാരിന്റെ 12ാം വാർഷികത്തിന്റെ ഭാഗമായി ബിജെപി സംഘടിപ്പിക്കുന്ന സമ്പർക്ക പരിപാടിയുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ചകൾ നടന്നതെന്ന് പാർട്ടി വൃത്തങ്ങൾ വിശദീകരിക്കുന്നു.
മുൻകൂട്ടി സമയം ചോദിച്ചു വാങ്ങിയാണ് സന്ദർശനം നടത്തിയതെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കുന്നു. ഇതുകൂടാതെ കോഴിക്കോട്ടെ മറ്റ് പ്രമുഖ വ്യക്തികളെയും സുരേഷ് ഗോപി സന്ദർശിച്ചിരുന്നു.
സംവിധായകൻ വി.എം.വിനു, മുൻ കേന്ദ്രമന്ത്രി കെ.പി.ഉണ്ണികൃഷ്ണന്റെ ഭാര്യ അമൃത, ബാല സാഹിത്യകാരൻ മലയത്ത് അപ്പുണ്ണി, അഹമ്മദിയ മുസ്ലിം കമ്യൂണിറ്റി അമീർ ഡോ.സലാഹുദീൻ, തന്ത്രി പ്രമുഖൻ കല്ലുമല സുകുമാരൻ തന്ത്രി, പാരഗൺ ഗ്രൂപ്പ് എം.ഡി. സുമേഷ് ഗോവിന്ദ് എന്നിവർ ഇതിൽ ഉൾപ്പെടുന്നു.
ഇവർക്ക് കേന്ദ്ര സർക്കാരിന്റെ ലഘുലേഖകൾ വിതരണം ചെയ്തതായിരുന്നു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. വിവാദം ഉയർന്ന സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കി തോട്ടത്തിൽ രവീന്ദ്രൻ രംഗത്തെത്തി.
“കേന്ദ്രമന്ത്രി സുരേഷ് ഗോപി കാണാൻ വന്നു എന്നതു ശരിയാണ്. ഒരു തരത്തിലുള്ള രാഷ്ട്രീയ ചർച്ചയും നടന്നിട്ടില്ല.
ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ആയിരുന്ന കാലം മുതൽ അദ്ദേഹത്തെ അറിയാം. അന്ന് അദ്ദേഹത്തിനു ബിജെപി ബന്ധം പോലുമില്ല.
അക്കാലത്തെ കാര്യങ്ങൾ സംസാരിച്ചിരുന്നു. താൻ ഏതെങ്കിലും രാഷ്ട്രീയ ദൗത്യത്തിന്റെ ഭാഗമായി വന്നതല്ലെന്നും അത്തരത്തിലൊരു രാഷ്ട്രീയക്കാരനല്ല എന്നും സുരേഷ് ഗോപിയും പറഞ്ഞു.
പ്രധാനമന്ത്രി നിർദേശിച്ചത് അനുസരിച്ച് എല്ലാവരെയും കാണുക മാത്രമാണു ലക്ഷ്യമെന്നാണു പറഞ്ഞത്. അഹമ്മദിയ നേതാവിനെയും അദ്ദേഹം കണ്ടിരുന്നു എന്നാണ് അറിഞ്ഞത്.
അവരെയും ബിജെപിയിൽ ചേർക്കാനാണെന്നു വിമർശകർ പറയുമോ? 58 വർഷമായി ഞാൻ സിപിഎം പ്രവർത്തകനാണ്. എന്റെ പാർട്ടി വിടാൻ ഞാൻ ഒരിക്കലും ഉദ്ദേശിക്കുന്നില്ല.
അതു വിചാരിച്ച് ആരും പ്രചാരണം നടത്തേണ്ടതില്ല”.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

