ന്യൂഡൽഹി: രാജ്യത്തിന്റെ വികസന നയരൂപീകരണത്തിൽ നിർണായകമായ നീതി ആയോഗ് ഭരണസമിതി യോഗം ഇത്തവണത്തെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ രാഷ്ട്രപതി ഭവൻ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന പതിനൊന്നാമത് ഗവേണിംഗ് കൗൺസിൽ യോഗത്തിൽ രാജ്യത്തെ 28 സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ പങ്കെടുത്തു.
സമീപകാല ചരിത്രത്തിൽ ഇത്രയധികം മുഖ്യമന്ത്രിമാരും ജനപ്രതിനിധികളും ഒരുമിച്ച് അണിനിരക്കുന്ന ആദ്യ യോഗമാണിത്. പ്രതിപക്ഷം ഭരിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ സജീവമായി പങ്കെടുത്തത് രാഷ്ട്രീയ തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.
തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്, കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ, കേരള മുഖ്യമന്ത്രി വി ഡി സതീശൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. ബിജെപി മുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, യോഗി ആദിത്യനാഥ്, സുവേന്ദു അധികാരി എന്നിവരോടൊപ്പം കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാരും പ്രമുഖ കേന്ദ്രമന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു.
യോഗത്തിന് ശേഷം ഉത്തർപ്രദേശ്, തമിഴ്നാട്, കർണാടക, തെലങ്കാന, ജമ്മു കശ്മീർ മുഖ്യമന്ത്രിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി. മുൻവർഷങ്ങളിൽ 9 മുതൽ 10 വരെ മുഖ്യമന്ത്രിമാർ വരെ യോഗത്തിൽ നിന്ന് വിട്ടുനിന്നിരുന്ന സ്ഥാനത്താണ് ഇത്തവണ പൂർണ പങ്കാളിത്തം ഉറപ്പുവരുത്തിയത്.
സഹകരണ ഫെഡറലിസത്തിന്റെ മികച്ച മാതൃകയാണ് യോഗത്തിൽ ദൃശ്യമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിനായി കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ചുനീങ്ങേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആത്മവിശ്വാസത്തോടെ മുന്നേറുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിവിധ രാജ്യങ്ങളുമായി ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറുകൾ ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് വലിയ അവസരങ്ങൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുവജനങ്ങളുടെ വിദ്യാഭ്യാസം, തൊഴിൽ, സ്ത്രീശാക്തീകരണം എന്നിവയ്ക്കായിരിക്കണം മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷത്തെ യോഗത്തിൽ നിന്ന് പശ്ചിമ ബംഗാളിലെ മമത ബാനർജി, കേരളത്തിലെ പിണറായി വിജയൻ, കർണാടകയിലെ സിദ്ധരാമയ്യ, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവർ വിട്ടുനിന്നിരുന്നു.
ഈ സാഹചര്യം മാറി ഇത്തവണ സമവായത്തിന്റെ പാത തെളിഞ്ഞതാണ് യോഗത്തിന്റെ പ്രധാന സവിശേഷത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

