കിഴക്കമ്പലം മലയിടംതുരുത്ത് പര്യത്തുകാവിൽ ദലിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചകൾ പുരോഗമിക്കുന്നതായി മന്ത്രി റോജി എം.ജോൺ അറിയിച്ചു.
പ്രശ്നപരിഹാരത്തിനായി ഇരുവിഭാഗങ്ങളുമായി നടത്തിയ ചർച്ചയിൽ ഗണ്യമായ പുരോഗതി കൈവരിക്കാൻ സാധിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. ജൂൺ 12-ന് എറണാകുളം കലക്ടറേറ്റിൽ നടന്ന ഉന്നതതല യോഗത്തിൽ എംഎൽഎ വി.പി.സജീന്ദ്രൻ, ജില്ലാ കലക്ടർ ജി.പ്രിയങ്ക എന്നിവരും ഇരുവിഭാഗം പ്രതിനിധികളും പങ്കെടുത്തു.
നിലവിൽ പര്യത്തുകാവിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് ഭൂമി വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് പ്രധാനമായും ചർച്ചകൾ നടക്കുന്നത്.
ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ മന്ത്രി തയാറായില്ലെങ്കിലും പരിഹാരത്തിലേക്ക് എത്താൻ സാധിക്കുമെന്ന ശുഭപ്രതീക്ഷ അദ്ദേഹം പങ്കുവെച്ചു. മന്ത്രിയുടെ വാക്കുകൾ: ‘‘ഇരു കൂട്ടരുമായി സംസാരിച്ച് രമ്യമായ ഒരു പരിഹാരത്തിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് സർക്കാരും ജില്ലാ ഭരണകൂടവുമൊക്കെ മുൻകൈ എടുത്ത് നടക്കുന്നത്.
അത് അത്തരത്തിൽ സാധ്യമാകും എന്ന പ്രതീക്ഷയിൽ തന്നെയാണ് മുന്നോട്ടു പോകുന്നത്. നിലവിലെ ചർച്ചയിൽ നല്ല പുരോഗതിയുണ്ട്.
പല കാര്യങ്ങളിലും ഇരു കൂട്ടരും തമ്മില് ധാരണയിൽ എത്തിയിട്ടുണ്ട്. ചില കാര്യങ്ങളിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ട്.
അത് മറ്റുള്ളവരുമായി കൂടിയാലോചിക്കാനുള്ള സാവകാശം അവർക്ക് ആവശ്യമുണ്ട്. അത് അവർ ആലോചിച്ച് വെള്ളിയാഴ്ച വീണ്ടും യോഗം ചേർന്ന് ചർച്ച ചെയ്യും.
വെള്ളിയാഴ്ചത്തെ ചർച്ചയിൽ അന്തിമ പരിഹാരത്തിൽ എത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. 16ാം തിയതി വരെ സമയമുണ്ട്.
നാലല്ല നാൽപ്പതു തവണ ചർച്ച ചെയ്യാനും സർക്കാർ തയാറാണ്.’’ സർക്കാരിന്റെ നിർദ്ദേശപ്രകാരം എട്ടു കുടുംബങ്ങൾ താമസിക്കുന്ന ഭൂമിയിൽ തന്നെ ഓരോ കുടുംബത്തിനും അഞ്ച് സെന്റ് സ്ഥലം വീതം നൽകി, അവിടെ വീടും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാനാണ് ആലോചന. കുടിയൊഴിപ്പിക്കൽ നടപടികൾക്ക് ഹൈക്കോടതി ഈ മാസം 16 വരെ സമയം അനുവദിച്ചിട്ടുണ്ട്.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട കാളുകുറുമ്പൻ തന്റെ 2.65 ഏക്കർ ഭൂമി കയ്യേറിയെന്നാരോപിച്ച് കണ്ണോത്ത് ശങ്കരൻ നായർ 58 വർഷം മുൻപ് നൽകിയ കേസിലാണ് സുപ്രീം കോടതി വിധി വന്നത്.
ഇതിനെത്തുടർന്നുണ്ടായ കുടിയൊഴിപ്പിക്കൽ ശ്രമങ്ങൾ നേരത്തെ പ്രദേശത്ത് വലിയ സംഘർഷങ്ങൾക്ക് വഴിവെച്ചിരുന്നു. 2023 മുതൽ 15 തവണയാണ് ഇവിടെ കുടിയൊഴിപ്പിക്കൽ ശ്രമങ്ങൾ നടന്നത്.
വിഷയം സങ്കീർണ്ണമായതോടെ സർക്കാർ നേരിട്ട് ഇടപെട്ട് ഒത്തുതീർപ്പു ഫോർമുല അവതരിപ്പിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

