വാഹനാപകടങ്ങളിൽ മരണപ്പെടുന്ന വീട്ടമ്മമാരുടെ സേവനത്തെയും സംഭാവനകളെയും വിലമതിക്കുന്ന ചരിത്രപ്രധാനമായ ഉത്തരവുമായി **സുപ്രീം കോടതി**. കുടുംബനാഥയുടെ അകാല വിയോഗമുണ്ടാകുമ്പോൾ നഷ്ടപരിഹാരം നിശ്ചയിക്കുന്നതിൽ ‘കുടുംബത്തിന്റെ പരിപാലന നഷ്ടം’ എന്ന ഇനത്തിൽ പ്രതിമാസം ചുരുങ്ങിയത് 30,000 രൂപ കണക്കാക്കണമെന്നാണ് ജസ്റ്റിസ് **സഞ്ജയ് കരോൾ**, ജസ്റ്റിസ് **എൻ.കെ.സിങ്** എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചത്.
ഈ തുക ഓരോ മൂന്ന് വർഷത്തിലും 10 ശതമാനം വീതം വർധിപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സ്ത്രീകൾ വീട്ടിൽ ചെയ്യുന്ന ജോലികളെ കേവലം ശാരീരിക അധ്വാനമായി മാത്രം കാണാൻ കഴിയില്ലെന്ന് നിരീക്ഷിച്ച കോടതി, ഗൃഹപരിപാലനം എന്നത് വാസ്തവത്തിൽ രാഷ്ട്ര പരിപാലനമാണെന്ന് വ്യക്തമാക്കി.
രാഷ്ട്ര നിർമ്മാണത്തിൽ സ്ത്രീകൾ വഹിക്കുന്ന പങ്ക് അവിസ്മരണീയമാണ്. ഒരു സ്ത്രീയുടെ വിയോഗം കുടുംബത്തിനുണ്ടാക്കുന്ന ശൂന്യത പണത്താൽ മാത്രം അളക്കാനാവില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
ഗൃഹകാര്യങ്ങൾ നിർവഹിക്കുന്ന സ്ത്രീകളെ ‘ഹൗസ്വൈഫ്’ എന്നതിലുപരി ‘ഹോംമേക്കർ’ എന്ന് വിശേഷിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെയും കോടതി എടുത്തുപറഞ്ഞു. സാമൂഹിക മനോഭാവങ്ങളിൽ മാറ്റം വരുന്നുണ്ടെങ്കിലും, നിയമപരമായ ഇടങ്ങളിലും മറ്റും പഴയ പ്രയോഗങ്ങൾ തന്നെ തുടരുന്നത് മാറ്റേണ്ടതുണ്ട്.
**സുപ്രീം കോടതി**യുടെ ഇടപെടലിനെ തുടർന്ന്, 2001-ൽ വാഹനാപകടത്തിൽ മരിച്ച 35 വയസ്സുകാരിയുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തുക 8.43 ലക്ഷം രൂപയിൽനിന്ന് 62.77 ലക്ഷം രൂപയായി വർധിപ്പിച്ചു. വാഹനാപകട
നഷ്ടപരിഹാര ട്രൈബ്യൂണൽ ആദ്യം നിശ്ചയിച്ച 2.42 ലക്ഷം രൂപ, പിന്നീട് ഹൈക്കോടതി 8.43 ലക്ഷമായി ഉയർത്തിയിരുന്നു. ഇതിനെതിരെ ഭർത്താവ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന വിധി.
കുടുംബ പരിപാലന നഷ്ടമായി 60.48 ലക്ഷം രൂപയും മരണാനന്തര ചടങ്ങുകൾക്കുള്ള ചെലവും ഉൾപ്പെടെയാണ് ഇൻഷുറൻസ് കമ്പനി ഈ തുക നൽകേണ്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

