കോഴിക്കോട് ജില്ലയിലെ കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ സിഇആർ ഫണ്ട് പൂർണമായും വിമാനത്താവള പരിസര പ്രദേശങ്ങളുടെ വികസനത്തിനും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കുന്നതിനുമായി വിനിയോഗിക്കാൻ തീരുമാനമായി. ടി.വി.ഇബ്രാഹിം എംഎൽഎയുടെ നിർദേശപ്രകാരം ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ നിർണായക തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.
മഴക്കാലത്ത് കരിപ്പൂർ വിമാനത്താവള പരിസരത്തുനിന്നുള്ള വെള്ളം സമീപത്തെ ജനവാസ മേഖലകളിലേക്ക് ഒഴുകിയെത്തുന്നതുമൂലമുള്ള ദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി 3.5 കോടി രൂപ സി.ഇ.ആർ ഫണ്ടിൽ നിന്ന് അനുവദിക്കും. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ശാസ്ത്രീയമായ പരിഹാര സംവിധാനങ്ങൾക്കാണ് ഈ തുക വിനിയോഗിക്കുക.
വിമാനത്താവളത്തിന്റെ പടിഞ്ഞാറുഭാഗത്തെ അപകടസാധ്യതയുള്ള ‘എസ്’ വളവ് നികത്തി റോഡ് നവീകരിക്കുന്നതിനുള്ള എൻഒസി എയർപോർട്ട് അതോറിറ്റി ഉടൻ നൽകും. ഇതോടെ ഏറെക്കാലമായി പ്രദേശവാസികൾ ഉന്നയിച്ചുവരുന്ന പ്രധാന റോഡ് സുരക്ഷാ പ്രശ്നത്തിന് പരിഹാരമാകും.
വിമാനത്താവള പരിസരത്ത് വീടുകളും മറ്റ് കെട്ടിടങ്ങളും നിർമിക്കുന്നതിന് എയർപോർട്ട് അതോറിറ്റിയുടെ എൻഒസി നിർബന്ധമാക്കിയതിനെ തുടർന്ന് ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും യോഗം ഗൗരവമായി പരിഗണിച്ചു. ഇക്കാര്യത്തിൽ ജില്ലാ കലക്ടർ പ്രത്യേകമായി പുനഃപരിശോധന നടത്തും.
വിമാനത്താവളത്തിലെ വിവിധ തൊഴിലവസരങ്ങളിൽ തദ്ദേശവാസികൾക്ക് മുൻഗണന ഉറപ്പാക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ഇതിനായി പ്രദേശവാസികളായ ഉദ്യോഗാർഥികളുടെ കൃത്യമായ പട്ടിക തയാറാക്കി വിമാനത്താവള അധികൃതർക്ക് കൈമാറും.
ആരോഗ്യമേഖലയിലും പ്രത്യേക സഹായം ലഭ്യമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് കൊണ്ടോട്ടി താലൂക്ക് ആശുപത്രിക്ക് 10 ഡയാലിസിസ് മെഷീനുകൾ ലഭ്യമാക്കും.
വള്ളിക്കുന്ന് എംഎൽഎ ടി.വി.ഇബ്രാഹിം, എയർപോർട്ട് ഡയറക്ടർ മുകേഷ് യാദവ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. വിമാനത്താവളത്തിന്റെ വികസനത്തോടൊപ്പം പരിസര പ്രദേശങ്ങളിലെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ യോഗത്തിൽ ധാരണയായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

