സംസ്ഥാനത്ത് വീണ്ടും സ്ത്രീകൾക്കെതിരെയുള്ള അതിക്രമ വിവരം പുറത്ത്. കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിലെ ശുചിമുറിയിൽ വെച്ച് യുവതിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചതായി പരാതി ഉയർന്നു.
ഈ സംഭവവുമായി ബന്ധപ്പെട്ട് 22 വയസ്സുകാരനായ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ ഫോൺ പൊലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായ പരിശോധന നടത്തിവരികയാണ്.
സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിലെ വാർഡ് നമ്പർ 203-ൽ ചികിത്സയിലുളള ഒരു രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് അധികാരികൾക്ക് പരാതി നൽകിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ശുചിമുറി ഉപയോഗിക്കുന്നതിനിടെയാണ് സംഭവം അരങ്ങേറിയത്.
മൊബൈൽ ഫോൺ ഉപയോഗിച്ച് ഒരാൾ ജനലിലൂടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നത് യുവതിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, പിതാവിന്റെ കൂട്ടിരിപ്പുകാരൻ എന്ന നിലയിൽ വാർഡിൽ ഉണ്ടായിരുന്ന ഒരു യുവാവാണ് കൃത്യത്തിന് പിന്നിലെന്ന് മനസ്സിലാവുകയും യുവതി പരാതിപ്പെടുകയുമായിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മെഡിക്കൽ കോളജ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ കൂടുതൽ നിയമപരമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

