കണ്ണൂർ ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളിലൊന്നായ പുതിയങ്ങാടി ഫിഷ് ലാൻഡിങ് സെന്റർ ഗുരുതരമായ മത്സ്യക്ഷാമം നേരിടുന്നതായി വ്യാപക പരാതി. ഈ മാസം മത്തി, അയല തുടങ്ങിയ ജനപ്രിയ ഇനങ്ങൾ വളരെ കുറഞ്ഞ അളവിൽ മാത്രമാണ് ഇവിടെ ലഭിക്കുന്നത്.
ദിവസേന മുപ്പതോളം ബോട്ടുകൾ കടലിൽ മത്സ്യബന്ധനത്തിനായി പോകുന്നുണ്ടെങ്കിലും, യാത്രയ്ക്കുള്ള മുതൽമുടക്ക് പോലും തിരികെ ലഭിക്കാത്ത ദയനീയ അവസ്ഥയാണ് നിലവിലുള്ളതെന്ന് ബോട്ടുടമകൾ വ്യക്തമാക്കി. കാലാവസ്ഥയിലുണ്ടായ വ്യതിയാനങ്ങളും, ആഴക്കടലിൽ ഡബിൾ നെറ്റ് ഉപയോഗിച്ചുള്ള അനധികൃത മത്സ്യബന്ധനവുമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ട്രോളിങ് നിരോധന സമയത്ത് തമിഴ്നാട് ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയതും കടലിലെ മത്സ്യസമ്പത്ത് ഗണ്യമായി കുറയാൻ ഇടയാക്കിയിട്ടുണ്ട് എന്ന ആക്ഷേപവും ശക്തമാണ്. നിലവിൽ മൂവായിരത്തിലധികം ഇതര സംസ്ഥാന തൊഴിലാളികളാണ് ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നത്.
എന്നാൽ ആവശ്യത്തിന് ലഭ്യമല്ലാത്ത സാഹചര്യത്തിൽ പല തൊഴിലാളികളും ഉപജീവനത്തിനായി സ്വന്തം നാട്ടിലേക്ക് തിരികെ പോകാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനിടയിൽ, കഴിഞ്ഞ ദിവസം അൽപമെങ്കിലും മത്തി ലഭിച്ചത് തൊഴിലാളികൾക്ക് ചെറിയ തോതിലുള്ള ആശ്വാസം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

