വഴിയരികിൽ ബസുകൾ തകരാറിലായി ബുദ്ധിമുട്ടിലായ നിരവധിയാളുകൾക്ക് സഹായമേകിയ കെഎസ്ആർടിസിയുടെ വിശ്വസ്ത വാഹനങ്ങൾ ചരിത്രത്തിന്റെ ഭാഗമാകുന്നു. യാത്രാവേളകളിൽ ബസ് ബ്രേക്ഡൗണാകുമ്പോൾ യാത്രക്കാരെ മറ്റ് വാഹനങ്ങളിലേക്ക് മാറ്റിയ ശേഷം ഡ്രൈവറും കണ്ടക്ടറും സഹായത്തിനായി കാത്തുനിൽക്കുന്നത് ഇത്തരം പ്രത്യേക രൂപത്തിലുള്ള വർക്ഷോപ് വാനുകൾക്കായാണ്.
കെഎസ്ആർടിസി ബസുകളുടെ ആംബുലൻസ് എന്ന് ഇവർ വിശേഷിപ്പിക്കപ്പെട്ടിരുന്നു. കേരളത്തിലെ വിവിധ ഡിപ്പോകളിൽ വർഷങ്ങളായി സേവനം അനുഷ്ഠിച്ചിരുന്ന ഈ വാഹനങ്ങളാണ് ഇപ്പോൾ കൂട്ടത്തോടെ പടിയിറങ്ങുന്നത്.
കേന്ദ്ര സർക്കാരിന്റെ വാഹന സ്ക്രാപ്പിങ് നയപ്രകാരം പൊതുമേഖലയിലെ 15 വർഷം കഴിഞ്ഞ വാഹനങ്ങൾ പൊളിച്ചുമാറ്റേണ്ടതുണ്ട്. കെഎസ്ആർടിസി നേരിടുന്ന രൂക്ഷമായ ബസ് ക്ഷാമം പരിഗണിച്ചാണ് ഈ കാലാവധി 20 വർഷമായി ഉയർത്തിയത്.
എങ്കിലും, നാല് പതിറ്റാണ്ടോളം കാലം രാപ്പകലില്ലാതെ രക്ഷകരായി സേവനം അനുഷ്ഠിച്ച വർക്ഷോപ് വാനുകളാണ് സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽനിന്ന് പിൻവാങ്ങുന്നത്. പൊളിച്ചുമാറ്റുന്നതിനായി ഈ വാഹനങ്ങളെല്ലാം ഇതിനോടകം തന്നെ വിവിധ ഡിപ്പോകളിൽ നിന്നും സെൻട്രൽ, റീജനൽ വർക്ഷോപ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.
ദീർഘകാലം തങ്ങൾക്ക് ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ വിജയകരമായി പൂർത്തിയാക്കിയ പ്രിയപ്പെട്ട വാഹനങ്ങളുടെ മടക്കയാത്ര പല ഡിപ്പോകളിലെയും ജീവനക്കാരുടെ കണ്ണീറിലാഴ്ത്തി.
സമൂഹമാധ്യമങ്ങളിലും ഈ വാഹനങ്ങൾക്ക് യാത്രാമൊഴി നേർന്നുകൊണ്ട് നിരവധി കുറിപ്പുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇവയുടെയെല്ലാം കൺസെൻ്റ് ഇപ്പോഴും മികച്ച നിലയിലായിരുന്നു എന്നത് ശ്രദ്ധേയമാണ്.
ഗ്രീസിന്റെയും ഇന്ധനത്തിന്റെയും ഗന്ധമുണ്ടെങ്കിലും ഏത് വലിയ വാഹനങ്ങളെയും വലിച്ച് ഗ്യാരേജിലെത്തിക്കാനുള്ള എഞ്ചിൻ കരുത്ത് ഇവയ്ക്കുണ്ടായിരുന്നു. വർക്ഷോപ് ജീവനക്കാരുടെ അഭിമാനമായിരുന്ന ഈ വാഹനങ്ങൾക്ക് എപ്പോഴും വലിയ പരിഗണനയാണ് ലഭിച്ചിരുന്നത്.
ഇവ പൂർണ്ണമായി പൊളിച്ചുമാറ്റുന്നതിന് പകരം ചിലതെങ്കിലും സംരക്ഷിക്കണമെന്നും, ഭാവിയിൽ ഒരു ബസ് മ്യൂസിയം ആരംഭിക്കുമ്പോൾ പുതിയ തലമുറയ്ക്കായി പ്രദർശിപ്പിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. പൊളിക്കാതെ വിൽപനയ്ക്ക് വെച്ചാൽ വാങ്ങാൻ തയ്യാറാണെന്ന് വ്യക്തമാക്കി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
പഴയ വർക്ഷോപ് വാനുകൾക്ക് പകരമായി പുതിയ സംവിധാനങ്ങൾ ഒരുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസുകളാണ് പുതിയ വർക്ഷോപ് വാനുകളായി രൂപമാറ്റം വരുത്തുന്നത്.
ഇതിനായി 35 പ്രിയദർശിനി ബസുകൾ ഇതിനകം തിരഞ്ഞെടുത്തിട്ടുണ്ട്. 16 വർഷം സർവീസ് പൂർത്തിയാക്കിയ ഓർഡിനറി ബസുകളുടെ ഇരിപ്പിടങ്ങൾ നീക്കം ചെയ്ത്, വർക്ഷോപ് ഉപകരണങ്ങളും സ്പെയർ പാർട്സുകളും ടയറുകളും സൂക്ഷിക്കാൻ പാകത്തിലുള്ള മാറ്റങ്ങളാണ് വരുത്തുന്നത്.
ആവശ്യമായ രൂപമാറ്റങ്ങൾക്ക് ശേഷം പുതിയ വാഹനങ്ങൾ ഉടൻ തന്നെ വിവിധ ഡിപ്പോകളുടെ സേവനത്തിനായി കൈമാറും. ഇതിനുള്ള പ്രവർത്തനങ്ങൾ സെൻട്രൽ, റീജനൽ വർക്ഷോപ്പുകളിൽ പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

