സംസ്ഥാനത്ത് കനത്ത ഉഷ്ണതരംഗത്തെ തുടർന്ന് മണ്ണ് വരണ്ടുണങ്ങുന്നതായി റിപ്പോർട്ട്. മഴയുടെ ലഭ്യതക്കുറവും അതിനു പിന്നാലെയുണ്ടായ കടുത്ത ചൂടുമാണ് വയനാട് ജില്ലയിൽ മണ്ണിരകളുടെ കൂട്ടമരണത്തിന് കാരണമായിരിക്കുന്നത്.
തുടർച്ചയായ വർഷങ്ങളിൽ മണ്ണിരകൾ ഇത്തരത്തിൽ പിടഞ്ഞുചാകുന്നത് കൃഷിക്കാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പ്രളയത്തിനു ശേഷം രണ്ടു വർഷം മുൻപു വരെ കാലവർഷക്കെടുതിക്കു ശേഷമുള്ള വേനലിൽ മണ്ണിരകൾ വ്യാപകമായി ചത്തിരുന്നു.
അതിനുശേഷമാണ് ഈ വർഷം പനമരം, പൂതാടി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ 4 ദിവസമായി മണ്ണിരകൾ മണ്ണിന് പുറത്തേക്ക് വന്ന് ചത്തൊടുങ്ങുന്നത് കർഷകരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടക്കത്തിൽ ഒന്നോ രണ്ടോ എണ്ണമായിരുന്നെങ്കിൽ, ദിവസങ്ങൾ പിന്നിടുമ്പോൾ ചത്തുവീഴുന്നവയുടെ എണ്ണം വർധിക്കുകയാണ്.
ആരോഗ്യവാനായ മണ്ണിരകളാണ് ഇവയിൽ കൂടുതലും ചെന്നൊടുങ്ങുന്നതെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു. വീടുകളുടെ മുറ്റങ്ങളിലും റോഡുകളിലുമാണ് ഇവ കൂട്ടത്തോടെ ചത്തുവീഴുന്നത്.
മണ്ണിന്റെ ഘടനയിലുണ്ടായ വ്യതിയാനം കാരണം സുരക്ഷിത താവളം തേടി മണ്ണിരകൾ നടത്തുന്ന പലായനത്തിനിടയിലാണ് ഇത്തരം കൂട്ടമരണങ്ങൾ സംഭവിക്കുന്നതെന്ന് 2 വർഷം മുൻപ് എംജി സർവകലാശാലയിലെ സീനിയർ റിസർച് അസോഷ്യേറ്റ് ഡോ. പ്രശാന്ത് നാരായണൻ വ്യക്തമാക്കിയിരുന്നു.
മണ്ണ് ചുട്ടുപൊള്ളുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രവും സ്ഥിരീകരിച്ചിട്ടുണ്ട്. മണ്ണിരകളുടെ ഈ അപൂർവ്വവും എന്നാൽ ഭയപ്പെടുത്തവുമായ കൂട്ടമരണം കൊടുംവരൾച്ചയുടെ വ്യക്തമായ സൂചനയാണെന്നാണ് കർഷകരുടെ പക്ഷം.
രണ്ടു വർഷം മുൻപ് മണ്ണിരകൾ ചത്തൊടുങ്ങിയ പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച മണ്ണ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ, അവ ജൈവഘടകങ്ങളാലും ആവശ്യമായ പോഷകഗുണങ്ങളാലും സമ്പുഷ്ടമാണെന്ന് തെളിഞ്ഞിരുന്നു. ഇതേതുടർന്ന് അമിതമായ ചൂട് തന്നെയാണ് മണ്ണിരകളുടെ ജീവനെടുക്കുന്നതെന്ന അന്തിമ നിഗമനത്തിലേക്ക് കൃഷിശാസ്ത്രജ്ഞരും എത്തിച്ചേർന്നു.
താപനിലയിലെ വ്യതിയാനത്തിനനുസരിച്ച് വികസിക്കുകയും ചുരുങ്ങുകയും ചെയ്യുക എന്നത് ഡക്കാൻ പീഠഭൂമി പ്രദേശങ്ങളിലെ മണ്ണിന്റെ പ്രത്യേകതയാണ്. ഇതിന്റെ ഫലമായി മണ്ണ് വിണ്ടുകീറുകയും ചെയ്യും.
സാധാരണഗതിയിൽ മേൽമണ്ണിലെ ഈർപ്പം പൂർണ്ണമായി നഷ്ടപ്പെടുന്ന ഘട്ടത്തിൽ തണുപ്പ് തേടി മണ്ണിനടിയിലേക്കാണ് മണ്ണിരകൾ ആഴത്തിലേക്ക് നീങ്ങാറുള്ളത്. എന്നാൽ ഇതിന് വിപരീതമായി അവ മുകളിലേക്ക് വരുമ്പോഴാണ് കടുത്ത ചൂടേറ്റ് മരണത്തിന് കീഴടങ്ങുന്നത്.
സാധാരണയായി 10 മുതൽ 30 സെന്റിമീറ്റർ വരെ താഴ്ചയിലാണ് മണ്ണിരകൾ അധിവസിക്കുന്നത്. 15 മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെ ചൂടിൽ മാത്രമാണ് മണ്ണിരകൾക്ക് ജീവനോടെ നിലനിൽക്കാൻ സാധിക്കുകയുള്ളൂ.
ഇതിലും അധികമായി താപനില ഉയരുന്നതാണ് ഇവ മണ്ണിന് പുറത്തിറങ്ങാനും തുടർന്ന് മരണപ്പെടാനും ഇടയാക്കുന്ന പ്രധാന കാരണം. എങ്കിലും, മണ്ണിരകളുടെ ഈ കൂട്ടച്ചാച്ചിലിൽ ആശങ്കപ്പെടേണ്ട
സാഹചര്യമില്ലെന്നാണ് കൃഷി വിദഗ്ധരുടെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

