തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ പ്രക്ഷോഭം തുടരുന്ന എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സിനെ ഔദ്യോഗിക ചർച്ചയ്ക്കായി വിളിപ്പിച്ച് സർക്കാർ. ഇന്ന് രാവിലെ പത്തരയ്ക്ക് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിലാണ് നിർണായക ചർച്ച നിശ്ചയിച്ചിരിക്കുന്നത്.
സമരക്കാരുടെ പ്രതിനിധികളായി മൂന്ന് പേർക്ക് ചർച്ചയിൽ പങ്കെടുക്കാൻ അനുമതി നൽകിയിട്ടുണ്ട്. കഴിഞ്ഞ 37 ദിവസമായി തുടരുന്ന സമരത്തിന് ഒടുവിലാണ് സർക്കാരിന്റെ ഭാഗത്തുനിന്നും അനുരഞ്ജന നീക്കമുണ്ടാകുന്നത്.
സമരത്തിൽ നിന്നും ഉദ്യോഗാർത്ഥികൾ പിന്മാറണമെന്നും രണ്ട് മാസത്തെ സാവകാശം അനുവദിക്കാമെന്നുമുള്ള സർക്കാർ നിർദ്ദേശം പ്രതിഷേധക്കാർ നേരത്തെ തള്ളിക്കളഞ്ഞിരുന്നു. സമരം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഇപ്പോൾ സർക്കാർ ചർച്ചയ്ക്ക് തയ്യാറായിട്ടുള്ളത്.
അധ്യാപക-വിദ്യാർത്ഥി അനുപാതം ശാസ്ത്രീയമായി കുറയ്ക്കുക, പുതിയ തസ്തികകൾ അടിയന്തരമായി സൃഷ്ടിക്കുക, എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പി.എസ്.സിയുടെ പരിധിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഉദ്യോഗാർത്ഥികൾ ഉന്നയിക്കുന്നത്. അതിനിടെ, ആസൂത്രണ ബോർഡിലെ തസ്തികയിലേക്ക് നടത്തിയ പരീക്ഷയുടെ വിവരങ്ങൾ അപേക്ഷകന് കൈമാറണമെന്ന സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരായ പി.എസ്.സി ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
പ്ലാനിങ് ബോർഡിലേക്കുള്ള പരീക്ഷയുമായി ബന്ധപ്പെട്ട വിവാദത്തിൽ, മൂന്നാം റാങ്ക് ജേതാവ് നൽകിയ അപേക്ഷയിലാണ് ഒന്നും രണ്ടും റാങ്ക് നേടിയവരുടെ വിശദാംശങ്ങൾ നൽകാൻ കമ്മീഷൻ ഉത്തരവിട്ടത്.
എന്നാൽ മറ്റ് ഉദ്യോഗാർത്ഥികളുടെ മാർക്കുകളും സർട്ടിഫിക്കറ്റുകളും പൂർണ്ണമായും വ്യക്തിഗത വിവരങ്ങളുടെ പരിധിയിൽ വരുന്നതാണെന്നാണ് പി.എസ്.സിയുടെ പ്രധാന വാദം. വിവരാവകാശ നിയമപ്രകാരം വ്യക്തിഗത വിവരങ്ങൾക്ക് കൃത്യമായ സംരക്ഷണമുണ്ട്.
നിലവിൽ 1.25 കോടിയിലധികം ഉദ്യോഗാർഥികളുടെ റിക്രൂട്ട്മെന്റ് ചുമതലകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ് പി.എസ്.സി. ഇത്രയധികം ഉദ്യോഗാർത്ഥികളുടെ രേഖകൾ വ്യക്തിഗത ആവശ്യങ്ങൾക്കായി നൽകുന്നത് തികച്ചും പ്രായോഗികമല്ലെന്നും, ഇത്തരത്തിലുള്ള ഉത്തരവുകൾ നടപ്പിലായാൽ ഭാവിയിൽ സർട്ടിഫിക്കറ്റുകളും മറ്റ് അക്കാദമിക് രേഖകളും ആവശ്യപ്പെട്ടുകൊണ്ടുള്ള അനവധി അപേക്ഷകൾക്ക് അത് വഴിയൊരുക്കുമെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

