കോഴിക്കോട് ബീച്ചിൽ പ്രവർത്തിച്ചിരുന്ന അഗ്നിരക്ഷാസേനയുടെ അവസാന യൂണിറ്റും തിങ്കളാഴ്ച മുതൽ മീഞ്ചന്ത ഫയർ സ്റ്റേഷനിലേക്കു മാറുന്നു. നഗരമധ്യത്തിൽ അഗ്നിരക്ഷാസേനയുടെ സേവനം ലഭ്യമാക്കുന്നതിനായി നിലനിർത്തിയിരുന്ന അവസാന സംവിധാനമാണ് ഇതോടെ ഇല്ലാതാകുന്നത്.
നേരത്തെ എട്ടു യൂണിറ്റുകളുണ്ടായിരുന്ന ബീച്ച് ഫയർ സ്റ്റേഷന്റെ കെട്ടിടം കാലപ്പഴക്കത്തെ തുടർന്ന് 2023-ൽ പൊളിച്ചുമാറ്റിയിരുന്നു. എന്നാൽ, മൂന്ന് വർഷം പിന്നിട്ടിട്ടും പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള നടപടികൾ എങ്ങുമെത്തിയിട്ടില്ല.
കെട്ടിട നിർമാണത്തിനായി ആദ്യം അനുവദിച്ച തുക 17 കോടി രൂപയായിരുന്നുവെങ്കിലും, പിന്നീട് എസ്റ്റിമേറ്റ് പുതുക്കി 21 കോടി രൂപയായി വർധിപ്പിച്ചിരുന്നു.
കെട്ടിടം പൊളിച്ചതോടെ ബീച്ചിലുണ്ടായിരുന്ന എട്ടു യൂണിറ്റുകളിലെ ഉദ്യോഗസ്ഥരെ കൊയിലാണ്ടി, മുക്കം, നരിക്കുനി, വെള്ളിമാടുകുന്ന്, മീഞ്ചന്ത, ബീച്ച് എന്നീ സ്റ്റേഷനുകളിലേക്കായി വിന്യസിച്ചു. കൂടാതെ, ഇവിടുത്തെ അഗ്നിരക്ഷാ വാഹനങ്ങളും വെള്ളിമാടുകുന്നിലേക്കും മീഞ്ചന്തയിലേക്കും മാറ്റിയിരുന്നു.
കെട്ടിടം പൊളിച്ചതിനെ തുടർന്ന് താത്കാലികമായി സജ്ജീകരിച്ചിരുന്ന പഴയ ക്വാർട്ടേഴ്സുകളിലായിരുന്നു അവസാന രണ്ട് യൂണിറ്റുകൾ പ്രവർത്തിച്ചു വന്നിരുന്നത്. ഇതും കൂടി മീഞ്ചന്തയിലേക്കു മാറ്റുന്നതോടെ ബീച്ച് പരിസരത്തെ അഗ്നിരക്ഷാസേനയുടെ സാന്നിധ്യം പൂർണമായും അവസാനിക്കും.
ഇനിമുതൽ നഗരഭാഗങ്ങളിൽ എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ മീഞ്ചന്തയിൽ നിന്ന് ഫയർ എൻജിനും സേനാംഗങ്ങളും എത്തേണ്ടി വരും. നിലവിലെ സാഹചര്യത്തിൽ നഗരത്തിൽ സേവനമെത്തിക്കാൻ കുറഞ്ഞത് പത്ത് മിനിറ്റെങ്കിലും അധികസമയം വേണ്ടി വരുമെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

