പ്രമുഖ താരം ശ്രീനാഥ് ഭാസി നായകനായെത്തിയ ‘പൊങ്കാല’ പുതിയ ഒടിടി പ്ലാറ്റ്ഫോമിലേക്ക് കൂടി പ്രദർശനത്തിന് എത്തുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗിന് എത്തുന്നത്.
ഏഴാം തീയതി മുതൽ ചിത്രം പ്രേക്ഷകർക്ക് ലഭ്യമാകും. മുമ്പ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം ഡിജിറ്റൽ റിലീസായി എത്തിയിരുന്നു.
കഴിഞ്ഞ വർഷം ജൂൺ 12-നായിരുന്നു പ്രൈം വീഡിയോയിലൂടെയുള്ള റിലീസ്. 2025 ഡിസംബർ 5-നാണ് ഈ ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്.
തിയറ്ററുകളിലെത്തി ആറ് മാസത്തിന് ശേഷമായിരുന്നു പ്രൈം വീഡിയോയിലൂടെയുള്ള ചിത്രത്തിന്റെ റിലീസ്. എ ബി ബിനിൽ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം ആക്ഷൻ ത്രില്ലർ ഡ്രാമാ ഗണത്തിൽ പെടുന്ന ഒന്നാണ്.
യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചിത്രമെന്നാണ് അണിയറക്കാർ പൊങ്കാലയെ വിശേഷിപ്പിച്ചിരിക്കുന്നത്.
സൗഹൃദത്തിന്റെ മറവിൽ നടന്ന വഞ്ചനയും അതിലൂടെ തകർന്നുപോകുന്ന ഒരു മനുഷ്യന്റെ ജീവിതവും തുടർന്ന് അവനെ പ്രതികാരത്തിന്റെ വഴിയിലേക്ക് നയിക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പ്രണയം, സൗഹൃദം, വിശ്വാസവഞ്ചന, നഷ്ടം, പ്രതികാരം എന്നീ വികാരങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രം ശക്തമായ ആക്ഷൻ രംഗങ്ങളാലും ശ്രദ്ധേയമാണ്.
മലയാള സിനിമയിൽ അപൂർവമായി കാണുന്ന തരത്തിൽ നിരവധി ഫൈറ്റ് സീക്വൻസുകൾ ഉൾക്കൊള്ളുന്ന ഒരു ആക്ഷൻ ത്രില്ലർ കൂടിയാണ് പൊങ്കാല. ഗ്ലോബൽ പിക്ചേഴ്സ് എന്റർടെയ്ൻമെന്റ്, ജൂനിയർ 8 എന്നീ ബാനറുകളിൽ ഒരുങ്ങിയ ചിത്രം ദീപു ബോസും അനിൽ പിള്ളയും ചേർർന്നാണ് നിർമ്മിച്ചത്.
ഡോണാ തോമസ് ആണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ. ബാബുരാജ്, സുധീർ കരമന, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ്, സൂര്യ കൃഷ്, ഇന്ദ്രജിത്ത് ജഗജിത്, ജീമോൻ ജോർജ്, മുരുകൻ മാർട്ടിൻ, യാമി സോന, സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
ചിത്രത്തിന്റെ ഷൂട്ടിംഗ് വൈപ്പിൻ, ചെറായി ഭാഗങ്ങളിലായിരുന്നു. 2000 കാലഘട്ടത്തിൽ ഹാർബർ പശ്ചാത്തലമാക്കി വൈപ്പിൻ, മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കി അവതരിപ്പിക്കുന്ന ചിത്രമാണിത്.
ഛായാഗ്രഹണം ജാക്സൺ, എഡിറ്റർ അജാസ് പുക്കാടൻ, സംഗീതം രഞ്ജിൻ രാജ്, ആർട്ട് നിധീഷ് ആചാര്യ, ഫൈറ്റ് മാഫിയ ശശി, രാജശേഖർ, പ്രഭു ജാക്കി, കൊറിയോഗ്രാഫി വിജയ റാണി എന്നിവർ നിർവഹിച്ചിരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

