കാഞ്ഞങ്ങാട് നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ പിടികൂടിയത് പത്തിലധികം പെരുമ്പാമ്പിൻകുഞ്ഞുങ്ങളെ. നഗരമധ്യത്തിലെ എലൈറ്റ് ടൂറിസ്റ്റ് ഹോമിനു സമീപം പ്രവർത്തിക്കുന്ന ലൈഫ് മെഡിക്കൽ, കാത്തലിക് സിറിയൻ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ പരിസരങ്ങളിൽ നിന്നാണ് പാമ്പിൻകുഞ്ഞുങ്ങളെ കണ്ടെത്തിയത്.
വനംവകുപ്പിന്റെ സർപ്പ വൊളന്റിയർമാരായ സുനിൽ, സുരേന്ദ്രൻ, വിജേഷ് എന്നിവർ ചേർന്നാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഈ പാമ്പിൻകുഞ്ഞുങ്ങളെ സുരക്ഷിതമായി പിടികൂടിയത്. കടകളുടെ വരാന്തകളിലും ഉൾഭാഗത്തുമാണ് ഇവയെ കണ്ടുവരുന്നത്.
പിടികൂടുന്ന പാമ്പിൻകുഞ്ഞുങ്ങൾക്ക് ഏകദേശം രണ്ടാഴ്ചത്തെ പ്രായം മാത്രമാണുള്ളത്. പിടികൂടുന്ന പാമ്പിൻകുഞ്ഞുങ്ങളെ പ്രത്യേക പാത്രങ്ങളിൽ സുരക്ഷിതമായി ശേഖരിച്ച ശേഷം കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസിൽ ഏൽപ്പിക്കുകയാണ് ചെയ്യുന്നത്.
തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇവയെ വനമേഖലയിൽ തുറന്നുവിടുന്നു. പെരുമ്പാമ്പ് ഒരുതവണ മുട്ടയിടുമ്പോൾ ഏകദേശം 22 കുഞ്ഞുങ്ങൾ വരെ വിരിഞ്ഞുണ്ടാകാമെന്ന് സർപ്പ വൊളന്റിയർമാർ വ്യക്തമാക്കി.
സംഭവത്തെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. വ്യാപാര സ്ഥാപനങ്ങളോടു ചേർന്നുള്ള പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കണമെന്നും കാടുപിടിച്ചു കിടക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

