തെന്മല വെള്ളിമല തണ്ണിവളവ് റോഡ് പുറമ്പോക്കിൽ താമസിക്കുന്ന പതിനഞ്ചോളം കുടുംബങ്ങൾ കടുത്ത ആശങ്കയിൽ. പ്രദേശത്ത് മഴയും കാറ്റും ശക്തമാകുമ്പോൾ വലിയൊരു ദുരന്തത്തിന്റെ നിഴലിലാണ് ഈ കുടുംബങ്ങൾ കഴിയുന്നത്.
വീടുകൾക്ക് മുകളിൽ ഏതുനിമിഷവും പതിക്കാവുന്ന നിലയിൽ നിൽക്കുന്ന കൂറ്റൻ മരങ്ങളാണ് ഇവരുടെ ഉറക്കം കെടുത്തുന്നത്. ഭീഷണിയായി മരങ്ങൾ
തെക്കും, ആഞ്ഞിലിയും, പ്ലാവുമടക്കമുള്ള വൻമരങ്ങൾ വീടുകൾക്ക് തൊട്ടുമുകളിൽ ഭീഷണിയായി നിൽക്കുന്നു.
ഇതിൽ പല മരങ്ങളുടെയും വേരുകൾക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. ശക്തമായ കാറ്റിൽ മരങ്ങൾ ആടിയുലയുമ്പോൾ വീടിനുള്ളിൽ കഴിയുന്നവർ പരിഭ്രാന്തരാകുന്നു.
പിഞ്ചുകുഞ്ഞുങ്ങളുമായി വീടിന്റെ സുരക്ഷിതമായ മൂലകളിൽ ഒതുങ്ങിക്കൂടാനാണ് ഇവർ നിർബന്ധിതരാകുന്നത്. ‘ഇനി ഞങ്ങളിൽ ആരെങ്കിലും മരിച്ചാലേ അധികൃതർ കണ്ണ് തുറക്കുകയുള്ളോ?’ എന്ന് ഇവർ വേദനയോടെ ചോദിക്കുന്നു.
ഒഴിഞ്ഞുപോയവർ
മുൻപ് അൻപതോളം കുടുംബങ്ങൾ ഈ പ്രദേശത്തുണ്ടായിരുന്നു. എന്നാൽ, മരങ്ങൾ വീണും അപകടസാധ്യത നിലനിൽക്കുന്നതിനാലും പ്രാണഭയത്താൽ പലരും ഇവിടം വിട്ടുപോയി.
ശേഷിക്കുന്ന പതിനഞ്ചോളം കുടുംബങ്ങൾക്ക് മറ്റ് മാർഗങ്ങളില്ലാത്തതുകൊണ്ടാണ് ഇന്നും ഇവിടെ താമസിക്കുന്നത്. ലൈഫ് പദ്ധതിയിൽ വീടിനായി പലതവണ അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല.
ഇതിനുമുൻപും കാറ്റിലും മഴയിലും മരങ്ങൾ വീണ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അന്ന് തലനാരിഴയ്ക്കാണ് പലരുടെയും ജീവൻ രക്ഷപ്പെട്ടത്.
അനങ്ങാത്ത അധികൃതർ
വർഷങ്ങളായി അധികൃതർക്ക് പരാതി നൽകി കാത്തിരിക്കുകയാണെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഫയലുകൾ ചുവപ്പുനാടയിൽ കുരുങ്ങി കിടക്കുമ്പോൾ തങ്ങളുടെ ജീവന് ആര് സുരക്ഷ നൽകുമെന്ന ചോദ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.
വൻ ദുരന്തം സംഭവിക്കുന്നതിന് മുൻപ് മരങ്ങൾ മുറിച്ചുമാറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

