ഗുരുവായൂർ ടൗൺഹാളിൽ ലോകകപ്പ് ഫുട്ബോൾ മത്സരം ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് നഗരസഭ ചെയർപഴ്സൻ സുനിത അരവിന്ദൻ വ്യക്തമാക്കി. കൗൺസിൽ തീരുമാനത്തിന് വിരുദ്ധമായി നഗരസഭ സെക്രട്ടറി വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയതാണ് പ്രദർശനം മുടങ്ങാൻ കാരണമെന്നാണ് ഭരണസമിതിയുടെ ആരോപണം.
ഇതിനു പിന്നിൽ യുഡിഎഫ് കൗൺസിലർമാരുടെ രാഷ്ട്രീയ താൽപര്യങ്ങളുണ്ടെന്നും ചെയർപഴ്സൻ ആരോപിച്ചു. സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ, നിയമപരമായ തടസ്സങ്ങൾ ചൂണ്ടിക്കാട്ടി പ്രദർശനത്തിനുള്ള അനുമതി റദ്ദു ചെയ്യാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ നിർദേശിച്ചു.
നഗരസഭയുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് ചെയർപഴ്സൻ കുറ്റപ്പെടുത്തി. വാർത്താസമ്മേളനത്തിൽ വൈസ് ചെയർമാൻ കെ.കെ.ജ്യോതിരാജ്, സ്ഥിരസമിതി അധ്യക്ഷന്മാരായ വി.അനൂപ്, എ.ടി.ഹംസ, ബിന്ദു അജിത്ത്കുമാർ, ഷാനി റെജി എന്നിവരും പങ്കെടുത്തു.
സിപിഎം നേതൃത്വത്തിലുള്ള ജിഎസ്എ എന്ന സംഘടനയുമായി സഹകരിച്ച് പ്രദർശനം നടത്താനായിരുന്നു കൗൺസിൽ തീരുമാനം. എന്നാൽ, ജിഎസ്എയ്ക്ക് 45 ദിവസം സൗജന്യമായി ടൗൺഹാൾ വിട്ടുനൽകുന്നത് നഗരസഭയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് സെക്രട്ടറി റിപ്പോർട്ട് നൽകുകയായിരുന്നു.
ഇതിനിടെ, സെക്രട്ടറിയുടെ ഓഫീസിലെത്തിയ രണ്ട് സിപിഎം കൗൺസിലർമാർ അദ്ദേഹത്തെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി ഉയർന്നു. സംഭവത്തിൽ കൗൺസിലർമാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രദർശനം തടയുന്നത് നിർഭാഗ്യം: എംഎൽഎ ടൗൺഹാളിലെ പ്രദർശനം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് തടയുന്നത് ദൗർഭാഗ്യകരമാണെന്ന് എൻ.കെ.അക്ബർ എംഎൽഎ പ്രതികരിച്ചു. നഗരസഭ കൗൺസിലിന്റെ അധികാരപരിധിയിൽ കടന്നുകയറുന്ന രീതിയിലാണ് സെക്രട്ടറിയും ജോയിന്റ് ഡയറക്ടറും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

