ഹരിപ്പാട്: തമിഴ്നാട് സ്വദേശികളായ രണ്ട് ബാലന്മാരെ ആലപ്പുഴയിലെത്തിച്ച് ഭിക്ഷാടനത്തിന് നിർബന്ധിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ പിതൃസഹോദരൻ അറസ്റ്റിലായി. തമിഴ്നാട് തൂത്തുക്കുടി കാമരാജ് നഗർ സ്വദേശി അന്തോണി (31) ആണ് ഹരിപ്പാട് പോലീസ് പിടിയിലായത്.
പ്രതിയുടെ സഹോദരന്റെ മക്കളായ മഹാരാജ (14), ചിലമ്പരശൻ (11) എന്നിവരെയാണ് ഇയാൾ തൂത്തുക്കുടിയിൽ നിന്നും ഹരിപ്പാട് എത്തിച്ച് ഭിക്ഷാടനത്തിന് ഉപയോഗിച്ചിരുന്നത്. ഇവർ ആവശ്യപ്പെടുന്ന തുക ഭിക്ഷയെടുത്തു നൽകിയില്ലെങ്കിൽ കുട്ടികളെ ക്രൂരമായി മർദ്ദിക്കുക പതിവായിരുന്നു.
കുട്ടികൾക്ക് ആവശ്യത്തിന് ഭക്ഷണം നൽകാനും ഇയാൾ തയ്യാറായിരുന്നില്ല. മർദ്ദനം സഹിക്കവയ്യാതെ മഹാരാജ സംഘത്തിൽ നിന്നും ഓടി രക്ഷപ്പെടുകയും ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ എത്തുകയും ചെയ്തു.
അവിടെവെച്ച് നാട്ടുകാർ കുട്ടിയെ കണ്ടെത്തി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം കുട്ടിയെ ബാലഭവനിൽ താൽക്കാലികമായി പാർപ്പിച്ചു.
സംഭവം അറിഞ്ഞയുടൻ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ അന്തോണിയെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ഒപ്പമുണ്ടായിരുന്ന സംഘാംഗങ്ങളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ തട്ടാരമ്പലം ഭാഗത്തുനിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.
ഇയാളെ പിടികൂടുമ്പോൾ കൂടെ ചിലമ്പരശനും ഉണ്ടായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തതായി പോലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

