ഇന്ത്യൻ ചലച്ചിത്ര ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണം’ സംവിധാനം ചെയ്യുന്നത് നിതേഷ് തിവാരിയാണ്. ചിത്രത്തിന്റെ ഭാഗമായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്.
ദൃശ്യവിസ്മയമൊരുക്കുമെന്ന സൂചന നൽകുന്ന ട്രെയിലറിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളുടെ പ്രകടനം ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. രാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും എത്തുമ്പോൾ ലങ്കാധിപതി രാവണനായി വേഷമിടുന്നത് കന്നഡ സൂപ്പർതാരം യഷ് ആണ്.
ട്രെയിലറിലെ യഷിന്റെ രൂപവും ഭാവങ്ങളും വലിയ രീതിയിലുള്ള പ്രശംസയാണ് നേടുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പ്രകടനത്തെയും യഷിന്റെ സാന്നിധ്യത്തെയും പ്രശംസിച്ച് കന്നഡ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി രംഗത്തെത്തിയിരിക്കുന്നു.
സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ചിത്രത്തെയും അണിയറപ്രവർത്തകരെയും അഭിനന്ദിച്ചത്. “നമ്മുടെ ഇതിഹാസങ്ങളിലെ കഥകളും കഥാപാത്രങ്ങളും ആളുകളെ ബോധ്യപ്പെടുത്തുക എളുപ്പമല്ല.
നമ്മളെല്ലാവരും അതൊക്കെ കേട്ടാണ് വളർന്നത്, ഈ കാലാതീതമായ ഇതിഹാസങ്ങളെക്കുറിച്ചുള്ള നമ്മുടെ സ്വന്തം ഭാവനയും നമുക്കുണ്ട്. അവിശ്വസനീയമാംവിധം ബോധ്യപ്പെടുത്തുന്ന ഒരു ലോകം സൃഷ്ടിച്ചതിന് ടീമിന് അഭിനന്ദനങ്ങൾ.
ഇത്തരം ഐക്കണിക് കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ ഒരു നടൻ അനുഭവിക്കുന്ന സമ്മർദ്ദം എത്രയാണെന്ന് എനിക്ക് മനസ്സിലാകും. ഓരോ നടനും ആ ഉത്തരവാദിത്വം ഏറ്റെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
രൺബീർ കപൂർ, സഹോദരാ, രാമന്റെ പ്രഭാവലയവും ദിവ്യത്വവും നിങ്ങൾ ഞങ്ങളെ ശരിക്കും അനുഭവിപ്പിച്ചു. യഷ്, സാർ നിങ്ങളുടെ ഓരോ ഷോട്ട് കാണുമ്പോഴും എന്റെ കണ്ണുകൾ വലുതായി വന്നു.
ആ കഥാപാത്രത്തോട് മറ്റാർക്കും ഇത്രത്തോളം നീതി പുലർത്താൻ കഴിയുമായിരുന്നില്ല എന്ന് ഞാൻ കരുതുന്നു. നിങ്ങളുടെ മികച്ച പ്രകടനത്തെക്കുറിച്ച് കൂടുതൽ പറയാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല, ഒരു കാര്യം കൂടി, ഒരു കന്നഡിഗൻ എന്ന നിലയിൽ നിങ്ങൾ എപ്പോഴും ഞങ്ങളുടെ അഭിമാനമാണ്,” എന്നാണ് ഋഷഭ് ഷെട്ടി കുറിച്ചത്.
ചിത്രത്തിൽ സണ്ണി ഡിയോൾ ഹനുമാന്റെ വേഷത്തിലെത്തുമ്പോൾ മലയാളത്തിന്റെ പ്രിയ താരം ശോഭന കൈകേയിയായും എത്തുന്നുണ്ട്. കൂടാതെ അരുൺ ഗോവിൽ ദശരഥ മഹാരാജാവായും വേഷമിടുന്നു.
ഓസ്കാർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്ന് സംഗീതം ഒരുക്കുന്നുവെന്നതും ചിത്രത്തിന്റെ വലിയൊരു പ്രത്യേകതയാണ്.
ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് റെക്കോർഡ് തുകയ്ക്കാണ് വിറ്റുപോയത്. ടി-സീരീസ് സ്വന്തമാക്കിയ ഈ അവകാശത്തിന്റെ അഡ്വാൻസ് കരാർ 75 കോടി രൂപയുടേതാണെന്ന് ട്രേഡ് അനലിസ്റ്റ് രമേശ് ബാല റിപ്പോർട്ട് ചെയ്യുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

