ശ്രീലങ്കയിൽ 2019-ൽ നടന്ന ഈസ്റ്റർ ദിന ഭീകരാക്രമണത്തിന്റെ ആസൂത്രണത്തിന് പിന്നിൽ പ്രവർത്തിച്ചത് മുൻ ഇന്റലിജൻസ് മേധാവി സുരേഷ് സല്ലായി ആണെന്ന് വെളിപ്പെടുത്തൽ. പാർലമെന്റിൽ നടത്തിയ ഔദ്യോഗിക പ്രസ്താവനയിലൂടെ പൊതുസുരക്ഷാ മന്ത്രി ആനന്ദ വിജെപാല ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഭീകരാക്രമണത്തിനായി ലക്ഷ്യം വെച്ച ദേവാലയം തിരഞ്ഞെടുത്തതും സല്ലായി ആണെന്ന് മന്ത്രി ആരോപിച്ചു. 237 പേരുടെ മരണത്തിനിടയാക്കിയ ഈ ക്രൂരകൃത്യവുമായി മേജർ ജനറൽ സുരേഷ് സല്ലായിയെ നേരിട്ട് ബന്ധിപ്പിക്കുന്ന ഏറ്റവും നിർണ്ണായകമായ ഔദ്യോഗിക വിവരമാണിത്.
ആക്രമണത്തിന് പ്രേരിപ്പിക്കുകയും സഹായങ്ങൾ നൽകുകയും ചെയ്തു എന്ന കണ്ടെത്തലിനെത്തുടർന്ന് ഇദ്ദേഹത്തെ ഫെബ്രുവരിയിൽ അധികൃതർ അറസ്റ്റ് ചെയ്തിരുന്നു. ആക്രമണം നടക്കുന്നതിന് ഏകദേശം മൂന്ന് ആഴ്ച മുൻപ് സല്ലായി ചില വ്യക്തികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും, പ്രസ്തുത ദേവാലയത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും അവിടെയെത്തുന്ന വിശ്വാസികളെക്കുറിച്ചുമുള്ള വിവരങ്ങൾ ഇയാൾ ശേഖരിച്ചുവെന്നും മന്ത്രി സഭയെ അറിയിച്ചു.
ഭീകരവാദ നിരോധന നിയമപ്രകാരം തടവിലായിരുന്ന സല്ലായി, ജയിലിൽ ഞായറാഴ്ച നിരാഹാര സമരം ആരംഭിച്ചിരുന്നു. തുടർന്ന് ഇദ്ദേഹത്തെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയതായും ആനന്ദ വിജെപാല അറിയിച്ചു.
2019 ഏപ്രിൽ 21-നാണ് നാഷനൽ തവ്ഹീദ് ജമാഅത്ത് എന്ന സംഘടനയിലെ ഒൻപത് ചാവേറുകൾ മൂന്ന് ക്രിസ്ത്യൻ പള്ളികളിലും മൂന്ന് ആഡംബര ഹോട്ടലുകളിലും ഒരേസമയം സ്ഫോടനങ്ങൾ നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

