നെന്മേനി പഞ്ചായത്തിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ, മുൻകരുതൽ നടപടിയുടെ ഭാഗമായി സമീപ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. നെന്മേനി പഞ്ചായത്തിന് പുറമെ അമ്പലവയൽ, നൂൽപ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളിലും സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലും ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ജൂൺ 14 വരെ അവധി ബാധകമാക്കിയിരിക്കുന്നത്.
ഈ ഉത്തരവ് പ്രകാരം അങ്കണവാടികൾ, മദ്രസകൾ, പ്രഫഷനൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ, ഹോസ്റ്റലുകൾ, പഠന മുറികൾ എന്നിവ പ്രവർത്തിക്കാൻ പാടുള്ളതല്ല. എന്നാൽ, റെസിഡൻഷ്യൽ സ്കൂളുകൾക്കും റെസിഡൻഷ്യൽ കോളജുകൾക്കും ഈ അവധി ബാധകമല്ല.
അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജീവനക്കാർ ജോലിക്ക് ഹാജരാകുന്നതിന് തടസ്സമില്ലെന്ന് അധികൃതർ വ്യക്തമാക്കി. രോഗ പ്രതിരോധം: കർശന നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്
രോഗവ്യാപന സാധ്യത തടയുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരിക്കുന്നതെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) അറിയിച്ചു.
ഈ സാഹചര്യത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പൂർണമായും പാലിക്കണം. കുട്ടികളെയും കൂട്ടി അനാവശ്യ യാത്രകൾ നടത്തുന്നതും, പൊതുചടങ്ങുകളിൽ പങ്കെടുപ്പിക്കുന്നതും, ബന്ധുവീടുകൾ സന്ദർശിക്കുന്നതും പൂർണമായും ഒഴിവാക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം.
എന്തെങ്കിലും തരത്തിലുള്ള പ്രാഥമിക ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. ശ്രദ്ധിക്കേണ്ട
സുരക്ഷാ മുൻകരുതലുകൾ
അവധി ലഭിച്ച സാഹചര്യത്തിൽ കുട്ടികൾ കൂട്ടംകൂടി കളിക്കുന്നത് ഒഴിവാക്കണം. രോഗലക്ഷണങ്ങൾ പ്രകടമാകാത്തവരിൽ നിന്നും രോഗം പകരാൻ സാധ്യതയുള്ളതിനാൽ പരമാവധി സമ്പർക്കം കുറയ്ക്കുക.
വീട്ടിൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കണമെന്നും, തിളച്ച വെള്ളത്തിലേക്ക് പച്ചവെള്ളം ഒഴിച്ച് തണുപ്പിക്കരുതെന്നും നിർദേശമുണ്ട്. ഭക്ഷണത്തിന് മുൻപും, ശുചിമുറി ഉപയോഗിച്ച ശേഷവും കുട്ടികൾ സോപ്പുപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ, തുറന്നുവച്ച പലഹാരങ്ങൾ, ഐസ്ക്രീമുകൾ, പാനീയങ്ങൾ, ഉപ്പിലിട്ട വിഭവങ്ങൾ എന്നിവ ഒഴിവാക്കി വീട്ടിൽ തയാറാക്കുന്ന ചൂടുള്ള ആഹാരം മാത്രം നൽകാൻ ശ്രദ്ധിക്കുക.
പനി, വയറിളക്കം, വയറുവേദന, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ കുട്ടികളിൽ കാണുകയാണെങ്കിൽ ഒട്ടും വൈകാതെ ഡോക്ടറെ കാണിക്കണമെന്നും ജില്ലാ ഭരണകൂടം കർശന നിർദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

