കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് രോഗ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി. നിപ്പ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന ഫറോക്ക് സ്വദേശിയായ 43 കാരന്റെ പരിശോധനാഫലം പോസിറ്റീവായതിനെ തുടർന്നാണ് നടപടികൾ സ്വീകരിച്ചത്.
ഇദ്ദേഹത്തെ അർദ്ധരാത്രി 12 മണിയോടെ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. രോഗവ്യാപനം തടയുന്നതിനും രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ആശുപത്രി പരിസരത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി സാവിത്രി ദേവി സാബു (SDS) വാർഡിലേക്കുള്ള പ്രവേശനം പൂർണ്ണമായും നിരോധിച്ചു. ഈ വാർഡിന് സമീപം ബാരിക്കേഡുകൾ സ്ഥാപിക്കുകയും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ആശുപത്രി അധികൃതർ പുറപ്പെടുവിച്ചിട്ടുള്ള പ്രധാന നിർദ്ദേശങ്ങൾ: 1. സാവിത്രി ദേവി സാബു (SDS) ബ്ലോക്കിലേക്കുള്ള പ്രവേശന വഴി പൂർണമായും അടച്ചിരിക്കുന്നു.
ജീവനക്കാരും രോഗികളും ഉൾപ്പെടെയുള്ളവർ അനുവദിക്കപ്പെട്ട മറ്റ് വഴികൾ മാത്രം ഉപയോഗിക്കേണ്ടതാണ്.
2. ഡിസ്ചാർജ് ചെയ്യപ്പെടുന്ന രോഗികൾ ഉൾപ്പെടെയുള്ളവർ ആശുപത്രിയുടെ പ്രധാന ഗേറ്റ് (Main Gate) വഴി മാത്രമേ പുറത്തുപോകാൻ പാടുള്ളൂ.
3. നിപ്പ ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്ന പ്രദേശത്തേക്ക് അനാവശ്യമായി പ്രവേശിക്കുന്നതോ സഞ്ചരിക്കുന്നതോ കർശനമായി വിലക്കിയിരിക്കുന്നു.
4. സാവിത്രി ദേവി സാബു (SDS) ബ്ലോക്ക് പരിസരത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവാദമില്ല.
ആശുപത്രിയിലെ എല്ലാ വിഭാഗം ജീവനക്കാരും, രോഗികളും, കൂട്ടിരിപ്പുകാരും ഈ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് സൂപ്രണ്ട് നിർദ്ദേശിച്ചു. പ്രതിരോധ പ്രവർത്തനങ്ങളോട് പൊതുജനങ്ങൾ പൂർണ്ണമായി സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

