ദില്ലിയിൽ നടന്ന സി പി എം പൊളിറ്റ് ബ്യൂറോ (പി ബി) യോഗത്തിൽ കേരളത്തിലേറ്റ കനത്ത തെരഞ്ഞെടുപ്പ് തിരിച്ചടി പ്രധാന ചർച്ചാവിഷയമായി. സംസ്ഥാനത്തെ ഈ അപ്രതീക്ഷിത പരാജയത്തെ അതീവ ഗൗരവത്തോടെയാണ് പാർട്ടി കാണുന്നതെന്ന് യോഗത്തിന് ശേഷം സി പി എം ജനറൽ സെക്രട്ടറി എം.എ.
ബേബി വ്യക്തമാക്കി. പരാജയത്തിന്റെ കാരണങ്ങൾ പാർട്ടി വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ വികസന പ്രവർത്തനങ്ങളെ തകർക്കാൻ കേന്ദ്ര സർക്കാർ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതും, ബി ജെ പി അക്കൗണ്ട് തുറന്നതും അതീവ ഗൗരവത്തോടെയാണ് പാർട്ടി വീക്ഷിക്കുന്നത്. പശ്ചിമ ബംഗാളിൽ കേന്ദ്ര ഏജൻസികളെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും ദുരുപയോഗം ചെയ്താണ് ബി ജെ പി നേട്ടമുണ്ടാക്കിയതെന്ന് വിമർശിച്ച ബേബി, ബംഗാളിലെ ‘സ്പെഷ്യൽ ഇൻ്റെൻസീവ് റിമൂവൽ’ (SIR) അട്ടിമറിയെക്കുറിച്ചും പരാമർശിച്ചു.
അതേസമയം, തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ആദ്യമായി പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പുഞ്ചിരിച്ചുകൊണ്ട് ‘പിന്നെ കാണാം’ എന്ന് മാത്രമാണ് മറുപടി നൽകിയത്. ദില്ലിയിൽ നിന്ന് മടങ്ങവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കേരളത്തിലെ പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച ചോദ്യത്തിന്, അത് കേരളത്തിൽ തീരുമാനിക്കുമെന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മറുപടി.
തെരഞ്ഞെടുപ്പ് അവലോകനവുമായി ബന്ധപ്പെട്ട് വിശദമായ വിവരങ്ങൾ നൽകാൻ ഇന്ന് വൈകുന്നേരം നാലുമണിക്ക് പാർട്ടി പ്രത്യേക വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

