മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും സൂപ്പർ താരം റോഡ്രി ബാഴ്സലോണയിലെത്തിയത് റയൽ മാഡ്രിഡിൽ നിന്ന് തട്ടിയെടുത്തല്ലെന്ന് ക്ലബ്ബിന്റെ സ്പോർട്ടിങ് ഡയറക്ടർ ഡെക്കോ വ്യക്തമാക്കി. മാഞ്ചസ്റ്റർ സിറ്റിയുമായുള്ള താരത്തിന്റെ ട്രാൻസ്ഫർ നടപടികൾ പൂർത്തിയായതിന് പിന്നാലെയാണ് ഔദ്യോഗിക പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്.
ലോകകപ്പ് ഗോൾഡൻ ബോൾ ജേതാവായ റോഡ്രി 2030 ജൂൺ വരെയുള്ള കരാറിലാണ് കാമ്പ് നൗവിൽ എത്തിയിരിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിയുമായുള്ള താരത്തിന്റെ കരാർ അവസാനിക്കാറായ സാഹചര്യത്തിലാണ് ബാഴ്സലോണ അതിവേഗം ഈ നീക്കം പൂർത്തിയാക്കിയത്.
ഏകദേശം 65.4 ദശലക്ഷം പൗണ്ട് തുകയ്ക്കാണ് മുപ്പതുകാരനായ മിഡ്ഫീൽഡർ ഹാൻസി ഫ്ലിക്ക് പരിശീലിപ്പിക്കുന്ന സംഘത്തിലെത്തിയത്. ലോകകപ്പിന് തൊട്ടുപിന്നാലെ റോദ്രിയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് രംഗത്തുണ്ടായിരുന്നുവെന്നും അവർ താരത്തിന് ഓഫർ നൽകിയിരുന്നുവെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
എന്നാൽ ബാഴ്സലോണ രംഗപ്രവേശം ചെയ്തതോടെ റോഡ്രി അവർക്ക് മുൻഗണന നൽകുകയായിരുന്നു. ബാഴ്സ ഈ കരാർ തട്ടിയെടുത്തു എന്ന തരത്തിലുള്ള ആരോപണങ്ങൾക്കിടയിലാണ് ഡെക്കോയുടെ വിശദീകരണം.
‘ഞങ്ങൾ അദ്ദേഹത്തെ മാഡ്രിഡിൽ നിന്ന് തട്ടിയെടുത്തതല്ല.’ എന്ന് ബാഴ്സ യൂണിവേഴ്സൽ ഉദ്ധരിച്ച് ഡെക്കോ വ്യക്തമാക്കി. ഗവി, പെഡ്രി, ഫെർമിൻ, ഫ്രാങ്കി ഡി ജോങ് തുടങ്ങിയ പ്രമുഖ താരങ്ങളുള്ള ശക്തമായ മിഡ്ഫീൽഡ് നിരയാണ് ബാഴ്സലോണയിലുള്ളത്.
എന്നിരുന്നാലും സ്പെയ്ൻ ക്യാപ്റ്റനെ ടീമിലെത്തിക്കാൻ ക്ലബ്ബ് വലിയ തുക മുടക്കുകയായിരുന്നു. തുടക്കത്തിൽ റോഡ്രി തങ്ങളുടെ പദ്ധതികളിൽ ഉണ്ടായിരുന്നില്ലെന്നും എന്നാൽ അവസരം ലഭിച്ചപ്പോൾ അത് ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നും ഡെക്കോ സമ്മതിച്ചു.
‘ഞങ്ങൾക്ക് സന്തോഷമുണ്ട്. അദ്ദേഹത്തെ സൈൻ ചെയ്യുന്നതിന് മുമ്പ് ഞങ്ങൾ കാര്യങ്ങളെക്കുറിച്ച് ദീർഘമായി ചർച്ച ചെയ്തിരുന്നു.
ആദ്യഘട്ടത്തിൽ ഇത് ഞങ്ങളുടെ പ്ലാനിൽ ഉണ്ടായിരുന്നില്ല, എന്നാൽ ഇതൊരു മികച്ച അവസരമാണെന്ന് ഞങ്ങൾ മനസ്സിലാക്കുകയായിരുന്നു. ഇത് ടീമിന്റെ പ്രകടനം ഗണ്യമായി മെച്ചപ്പെടുത്തും.’ ഡെക്കോ പറഞ്ഞു.
അതിനിടെ, ബാഴ്സലോണയുടെ അടുത്ത ട്രാൻസ്ഫർ നീക്കങ്ങളെക്കുറിച്ചുള്ള ചർച്ചകളും സജീവമായിട്ടുണ്ട്. സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ റോബർട്ട് ലെവൻഡോവ്സ്കിയും ഫെറാൻ ടോറസും ക്ലബ്ബ് വിട്ടുപോയിരുന്നു.
ട്രാൻസ്ഫർ വിൻഡോ അടയ്ക്കുന്നതിന് മുമ്പ് മുന്നേറ്റനിരയിലേക്ക് മറ്റൊരു പ്രധാന താരത്തെ കൂടി എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഡെക്കോ സൂചിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

