തിരുവനന്തപുരം: കഴക്കൂട്ടത്തെ ബാറിലുണ്ടായ സംഘർഷത്തിൽ ജീവനക്കാരന് ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പൂവാർ കരുംകുളം സ്വദേശി നിഥിൻ (38) ആണ് തുമ്പ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി 11.30ഓടെ കുളത്തൂർ ഗുരുനഗറിന് സമീപമുള്ള ബാറിലായിരുന്നു ഈ അതിക്രമം അരങ്ങേറിയത്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ കണിയാപുരം സ്വദേശിയായ ബാർ ജീവനക്കാരൻ വിഷ്ണു ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം ഇങ്ങനെ: നിഥിനും സംഘവും ബാറിൽ മദ്യപിച്ചുകൊണ്ടിരിക്കുന്നതിനിടെ ബില്ല് നൽകാനെത്തിയ ജീവനക്കാരനായ വിഷ്ണുവുമായി വാക്കുതർക്കമുണ്ടായി. തുടർന്ന് പ്രതികൾ സംഘം ചേർന്ന് വിഷ്ണുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ഫോർക്കുകൊണ്ട് വിഷ്ണുവിന്റെ കണ്ണിന് നേരെ കുത്താൻ ശ്രമിച്ചെങ്കിലും, ഇത് തടയാൻ ശ്രമിക്കുന്നതിനിടയിൽ വലത് നെറ്റിയിൽ ആഴത്തിലുള്ള മുറിവേൽക്കുകയാണുണ്ടായത്. രക്ഷപ്പെടാൻ ശ്രമിച്ച വിഷ്ണുവിനെ അക്രമികൾ നെഞ്ചിലും തലയിലും മാറിമാറി അടിച്ചു.
ഇതിനിടയിൽ വലതുകൈയിലെ ചൂണ്ടുവിരൽ കടിച്ചു മുറിച്ചതായും പരാതിയിലുണ്ട്. കണ്ണിന് നേർക്ക് നടത്തിയ കുത്ത് കൃത്യസമയത്ത് തടയാൻ സാധിച്ചിരുന്നില്ലെങ്കിൽ ജീവഹാനി വരെ സംഭവിക്കുമായിരുന്നുവെന്ന് വിഷ്ണു തുമ്പ പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് നിഥിൻ പിടിയിലായത്. ഈ സംഘത്തിലുള്ള മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

