മൂന്നാർ മാങ്കുളം ആനക്കുളം ഉടുമ്പയ്ക്കൽ പ്രദേശത്ത് കുടുംബവഴക്കിനിടയിൽ മകൻ കൊല്ലപ്പെട്ടു. ഉടുമ്പയ്ക്കൽ ജസ്റ്റിൻ ജോയി (27) ആണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് പിതാവ് ജോയിയെ (63) ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ ആക്രമിച്ചതിനെത്തുടർന്ന് ഇയാൾ വിഷം കഴിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ഡ്രൈവിങ്ങും കൂലിപ്പണിയുമായി കഴിഞ്ഞിരുന്ന ജസ്റ്റിൻ ലഹരിക്കടിമയായിരുന്നുവെന്നും, ഇയാൾ വീട്ടിലെത്തി മാതാപിതാക്കളുമായി സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ജസ്റ്റിന്റെ ഉപദ്രവം സഹിക്കവയ്യാതെ രണ്ടു ദിവസമായി മാതാപിതാക്കൾ വീടുവിട്ട് സമീപത്തുള്ള ബന്ധുവീട്ടിലാണ് അന്തിയുറങ്ങിയിരുന്നത്.
മകനെ ഡി–അഡിക്ഷൻ സെന്ററിൽ എത്തിച്ചു ചികിത്സ നൽകാൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക്– ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾക്കൊപ്പം ഇവർ മൂന്നാർ സ്റ്റേഷനിൽ എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾ ചൊവ്വാഴ്ച ഉണ്ടാകുമെന്നു പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ലെന്ന് ജനപ്രതിനിധികൾ പറഞ്ഞു.
ഇതോടെ ദമ്പതികൾ വീണ്ടും ബന്ധുവീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു. ഇന്നലെ രാവിലെ വസ്ത്രങ്ങൾ എടുക്കുന്നതിനു വേണ്ടി മാതാവ് ഷാന്റി വീട്ടിലേക്കു പോയി.
എന്നാൽ തിരികെ വരാൻ വൈകിയതോടെ ജോയി അന്വേഷിച്ചെത്തിയപ്പോൾ മകൻ വീട്ടിലുണ്ടായിരുന്നു. തുടർന്നുണ്ടായ വാക്കേറ്റവും കയ്യാങ്കളിയുമാണ് ജസ്റ്റിന്റെ മരണത്തിൽ കലാശിച്ചതെന്നാണു ബന്ധുക്കൾ പറയുന്നത്.
ബുധനാഴ്ച രാവിലെ 11ന് ജസ്റ്റിൻ പിതാവുമായി വഴക്കുണ്ടാക്കുകയും കത്തിയെടുത്തു വീശുകയും ചെയ്തു. തുടർന്നാണ് പിതാവ് ജോയി സമീപത്തു കിടന്നിരുന്ന കമ്പ് ഉപയോഗിച്ച് മകനെ തലയ്ക്കടിച്ചു വീഴ്ത്തിയത്.
സംഭവസമയം മാതാവ് ഷാന്റിയും സ്ഥലത്തുണ്ടായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് ജോയി, താൻ വിഷം കഴിച്ചതായി അറിയിച്ചത്.
ഉടൻ ജോയിയെ അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് മൂന്നാർ ഡിവൈഎസ്പി പി.എം.ബൈജു, സർക്കിൾ ഇൻസ്പെക്ടർ ജെ.ബിനോദ് കുമാർ എന്നിവരെത്തി പരിശോധന നടത്തി.
മൂന്നാർ പൊലീസ് സ്റ്റേഷനിലെ ഒട്ടേറെ കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട ജസ്റ്റിൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

