അക്ഷരത്തിന്റെയും കലോപാസനയുടെയും പ്രശസ്തമായ പുണ്യകേന്ദ്രമായ പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവത്തിന് 7ന് തിരിതെളിയും. കലോപാസകരുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം മുൻനിർത്തി നാലു ദിവസങ്ങൾ കൂടി അധികമായി ഉൾപ്പെടുത്തിയാണ് ഇത്തവണ ഉത്സവം കൂടുതൽ വിപുലീകരിച്ചിരിക്കുന്നത്.
ഒക്ടോബർ 7 മുതൽ 21 വരെ നീളുന്ന ചടങ്ങുകളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂന്നായിരത്തിലധികം കലാകാരന്മാർ മാറ്റുരയ്ക്കും. 7ന് രാവിലെ 8 മണിക്ക് ദീപപ്രകാശത്തോടെ ചടങ്ങുകൾക്ക് ഔദ്യോഗിക തുടക്കമാകും.
ഉത്സവനാളുകളിൽ സംഗീതം, നൃത്തം, വിവിധ വാദ്യകലകൾ എന്നിവയുടെ അരങ്ങേറ്റങ്ങൾക്കൊപ്പം ദേശീയ സംഗീത-നൃത്തോത്സവം, കഥകളി, ചാക്യാർക്കൂത്ത് തുടങ്ങിയ വിശേഷാൽ കലാപരിപാടികളും അരങ്ങേറും. ചടങ്ങുകളുടെ ഭാഗമായി സംഗീതസരസ്വതി, കച്ഛപി പുരസ്കാരങ്ങൾ എന്നിവയ്ക്കൊപ്പം സാരസ്വതം സ്കോളർഷിപ്പും ചടങ്ങിൽ വിതരണം ചെയ്യും.
18ന് വൈകിട്ട് 6.30 മണിയോടെയാണ് ഗ്രന്ഥമെഴുന്നള്ളത്തും പ്രധാന ചടങ്ങായ പൂജവയ്പും നടക്കുന്നത്. തുടർന്ന് 19ന് ദുർഗാഷ്ടമി ചടങ്ങുകളും, 20ന് മഹാനവമി ദർശനവും പ്രശസ്തമായ ദക്ഷിണമൂകാംബി സംഗീതോത്സവവും നടക്കും.
വിജയദശമി ദിനമായ 21ന് പുലർച്ചെ 4 മണിക്ക് പൂജയെടുപ്പോടെ വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമാകും. ക്ഷേത്ര തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.
മുറജപം, പുരുഷസൂക്താർച്ചന, ചക്രാബ്ജപൂജ, പുഷ്പാഭിഷേകം, നിറമാല, സാരസ്വതസൂക്താർച്ചന തുടങ്ങിയ വിശേഷാൽ പൂജകളും ഈ ദിവസങ്ങളിൽ ഉണ്ടായിരിക്കും. വിജയദശമി നാളിലെ വിദ്യാരംഭത്തിനായി ഭക്തർക്ക് കൂപ്പണുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
ദുർഗാഷ്ടമി, മഹാനവമി ദിവസങ്ങൾ ഒഴികെയുള്ള മറ്റെല്ലാ ദിവസങ്ങളിലും ക്ഷേത്രത്തിൽ വിദ്യാരംഭത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. രാവിലെ 5 മണി മുതൽ 11 മണി വരെയും, വൈകിട്ട് 5 മണി മുതൽ 7.30 വരെയുമാണ് ക്ഷേത്രത്തിലെ ദർശന സമയം.
നവരാത്രി ദിനങ്ങളിൽ ക്ഷേത്രത്തിൽ പുഷ്പാലങ്കാരവും അന്നദാനവും വഴിപാടായി നടത്തുവാൻ താല്പര്യമുള്ളവർ ദേവസ്വവുമായി ബന്ധപ്പെടണമെന്ന് ദേവസ്വം മാനേജർ കെ.എൻ.നാരായണൻ നമ്പൂതിരി കരുനാട്ടില്ലം, ഊരാണ്മ യോഗം പ്രസിഡന്റ് കെ.എൻ.വാസുദേവൻ നമ്പൂതിരി, സെക്രട്ടറി കെ.എൻ.നാരായണൻ നമ്പൂതിരി കൈമുക്കില്ലം, അസിസ്റ്റന്റ് മാനേജർ കെ.വി.ശ്രീകുമാർ കൈമുക്കില്ലം എന്നിവർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

