രാജ്യത്ത് ഉടനടി ഇ-25 പെട്രോൾ നടപ്പിലാക്കില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഉയർന്ന എഥനോൾ അനുപാതം നടപ്പിലാക്കുന്നത് വിശദമായ ശാസ്ത്രീയ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷം മാത്രമായിരിക്കുമെന്നാണ് കേന്ദ്രത്തിന്റെ ഔദ്യോഗിക വിശദീകരണം.
പി പി സുനീർ എംപിയുടെ ചോദ്യത്തിന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയാണ് രാജ്യസഭയില് മറുപടി നൽകിയത്. ഇ20 പെട്രോൾ ഉപയോഗിക്കുന്നത് പൂർണ്ണമായും സുരക്ഷിതമാണെന്നും, ഇത് വഴി കാർബൺ പുറന്തള്ളൽ 30 ശതമാനത്തോളം കുറയ്ക്കാൻ സഹായിക്കുമെന്നും കേന്ദ്രം ആവർത്തിച്ചു വ്യക്തമാക്കി.
ഇ20 പെട്രോൾ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ എഞ്ചിനെ ദോഷകരമായി ബാധിക്കില്ല. പഴയ മോഡൽ വാഹനങ്ങളിൽ ഈ ഇന്ധനം ഉപയോഗിക്കുന്നത് വഴി എഞ്ചിൻ തകരാറുകൾക്കോ കാര്യമായ തേയ്മാനങ്ങൾക്കോ കാരണമാകില്ലെന്നും സഭയെ അറിയിച്ചു.
പഴയ വാഹനങ്ങളിൽ മൈലേജ് കുറയുന്നത് 3 മുതൽ 5 ശതമാനം വരെ മാത്രമാണ്. ഇ20 പെട്രോൾ വാഹനങ്ങൾക്ക് നഗരങ്ങളിൽ മികച്ച ആക്സിലറേഷനും സുഗമമായ യാത്രയും നൽകുന്നുണ്ടെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പാർലമെന്റിൽ വ്യക്തമാക്കി.
20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ ആണ് ഇ20 ഇന്ധനം. കരിമ്പ്, ചോളം, ബാർലി എന്നിവയുടെ കാർഷികാവശിഷ്ടത്തിൽ നിന്ന് വാറ്റിയെടുക്കുന്ന ആൽക്കഹോൾ കലർന്ന ഇന്ധനമാണ് എഥനോൾ.
രാജ്യത്ത് വൻമാറ്റങ്ങൾ കൊണ്ടുവരുമെന്നും ഭാവിയുടെ ഇന്ധനം 100 ശതമാനം ബയോ-എഥനോൾ ആയിരിക്കുമെന്ന് പ്രഖ്യാപിച്ചാണ് കേന്ദ്ര സർക്കാർ ഇ20 രാജ്യവ്യാപകമാക്കുന്ന പദ്ധതിയിലേക്ക് കടന്നത്. എഥനോൾ ബ്ലെൻഡഡ് പെട്രോൾ പദ്ധതിയുടെ ഭാഗമായാണ് ഈ ഇന്ധന പദ്ധതി രാജ്യത്ത് അവതരിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

