തിരുവനന്തപുരം∙ ജനവാസമേഖലകൾ, കൃഷി സ്ഥലങ്ങൾ, തോട്ടങ്ങൾ എന്നിവയെ പൂർണമായും ഒഴിവാക്കി സംസ്ഥാനത്തിന്റെ പരിസ്ഥിതി ലോല പ്രദേശം (ഇഎസ്എ) 8,590.69 ചതുരശ്ര കിലോമീറ്ററാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന നിർദേശം കേന്ദ്രത്തിന് സമർപ്പിച്ചുവെന്ന് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. 33 വില്ലേജുകളെ ഒഴിവാക്കി കേരളം കേന്ദ്രത്തിനു സമർപ്പിച്ച ശുപാർശ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ ഐകകണ്ഠ്യേന പ്രമേയം പാസാക്കുമെന്നും അദ്ദേഹം അറിയിച്ചു.
13 വർഷമായി നീളുന്ന ഈ വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാക്കുന്നതിന്റെ ഭാഗമായി, ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിലെത്തി കേന്ദ്ര മന്ത്രിമാരെ കാണും. പരിഷ്കരിച്ച ഇഎസ്എ പ്ലാനും ഭൂപടവും സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
കുറഞ്ഞ ഭൂവിസ്തൃതി, ഉയർന്ന ജനസാന്ദ്രത, മൊത്തം ഭൂവിസ്തൃതിയുടെ 29.15 ശതമാനവും വനപ്രദേശം എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണു ഇഎസ്എയിൽനിന്ന് വില്ലേജുകൾ ഒഴിവാക്കണമെന്ന ശുപാർശ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. വികസനപ്രവർത്തനങ്ങൾക്കു കേരളത്തിനു സ്ഥലം ആവശ്യമാണെന്ന വസ്തുതയും ഇതിൽ വ്യക്തമാക്കുന്നുണ്ട്.
നിലവിൽ കേരളത്തിൽ 23 വന്യജീവി സങ്കേതങ്ങളും സംരക്ഷിത പ്രദേശങ്ങളും ഉൾപ്പെടുന്നുണ്ട്. നെൽവയൽ-തണ്ണീർത്തട
സംരക്ഷണ നിയമം, മരംമുറി നിയന്ത്രണ നിയമങ്ങൾ തുടങ്ങി ശക്തമായ പരിസ്ഥിതി നിയമങ്ങൾ നിലനിൽക്കുന്ന സംസ്ഥാനത്ത് ജനവാസ മേഖലകളിൽ വീണ്ടും ഇഎസ്എ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് കാർഷിക മേഖലയെയും ജനജീവിതത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ട് മന്ത്രി സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

