പിറവം: പിറമാടം പള്ളിയിലുണ്ടായ സംഘർഷ സംഭവങ്ങളിൽ ഔദ്യോഗിക പ്രതികരണവുമായി യാക്കോബായ സഭ രംഗത്ത്. സമാധാനാന്തരീക്ഷം തകർക്കാനുള്ള ഏത് നീക്കവും തികച്ചും അപലപനീയമാണെന്ന് സഭ വ്യക്തമാക്കി.
പ്രശ്നപരിഹാരത്തിനായി ചർച്ചകളും ശ്രമങ്ങളും പുരോഗമിക്കുന്നതിനിടയിൽ, ആരാധനാലയങ്ങളിൽ സംഘർഷം സൃഷ്ടിച്ച് പ്രാർത്ഥനകൾ തടസ്സപ്പെടുത്തുന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ലെന്ന് യാക്കോബായ സഭ ചൂണ്ടിക്കാട്ടി. ആരാധനാലയങ്ങൾ എപ്പോഴും പ്രാർത്ഥനയുടെയും സമാധാനത്തിന്റെയും പുണ്യകേന്ദ്രങ്ങളായി നിലനിർത്തേണ്ടത് സമൂഹത്തിലെ എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും സഭ ഓർമ്മിപ്പിച്ചു.
ഇന്ന് രാവിലെ 7 മണിയോടെയാണ് കോടതി ഉത്തരവുമായി ആരാധനയ്ക്കായി ഓർത്തഡോക്സ് വിഭാഗം പള്ളിയിലെത്തിയത്. തുടർന്ന് പള്ളിയിലുണ്ടായിരുന്ന യാക്കോബായ വിഭാഗവുമായി വാക്കേറ്റവും തർക്കവും ആരംഭിക്കുകയായിരുന്നു.
നിലവിൽ യാക്കോബായ വിഭാഗത്തിന്റെ കൈവശമിരിക്കുന്ന പള്ളിയിൽ, മൂവാറ്റുപുഴ സബ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഓർത്തഡോക്സ് സഭ അസിസ്റ്റന്റ് വികാരി ഫാ. എബിൻ എബ്രാഹാമിന്റെ നേതൃത്വത്തിൽ വിശ്വാസികൾ എത്തിയത്.
തുടർന്ന് ഓർത്തഡോക്സ് സഭ അസിസ്റ്റന്റ് വികാരി ഫാ. എബിൻ മദ്ബഹയിൽ പ്രവേശിക്കുന്നത് യാക്കോബായ വിഭാഗം വികാരി ഫാ.
ലാൽ മോൻ തമ്പി പട്ടരുമഠത്തിന്റെ നേതൃത്വത്തിൽ തടഞ്ഞു. ഇതേത്തുടർന്ന് പള്ളിക്കുള്ളിൽ വച്ച് ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കവും സംഘർഷാവസ്ഥയും ഉടലെടുത്തു.
വിവരമറിഞ്ഞ് രാമമംഗലം പൊലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചു. തുടർന്ന് ഫാ.
എബിൻ എബ്രാഹം പള്ളിയുടെ ഗേറ്റിനു സമീപം കുത്തിയിരുന്നു പ്രതിഷേധം രേഖപ്പെടുത്തി. അതേസമയം, യാക്കോബായ വിഭാഗം പള്ളിക്കുള്ളിൽ പ്രാർത്ഥനയും ആരാധനയും തുടർന്നു.
നിലവിലെ സാഹചര്യത്തിൽ പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാമമംഗലം പൊലീസ് പള്ളിക്ക് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

