കേന്ദ്രസർക്കാരിന്റെ അഭിമാനകരമായ പുരപ്പുറ സോളർ പദ്ധതിയായ പിഎം സൂര്യഘർ മുഫ്ത് ബിജ്ലി യോജനയ്ക്ക് 4.2 ബില്യൻ ഡോളർ (ഏകദേശം 40,000 കോടി രൂപ) സാമ്പത്തിക സഹായം ലഭ്യമാക്കാൻ ലോകബാങ്ക് തീരുമാനിച്ചു. 2024 ഫെബ്രുവരി 13-നാണ് ഒരു കോടി വീടുകളിൽ സൗരോർജ്ജ വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ഈ പദ്ധതിക്ക് തുടക്കമിട്ടത്.
75,021 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം അടങ്കൽ തുകയായി സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. വൈദ്യുതി ബില്ലിലെ ഭാരം ലഘൂകരിക്കുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദ ഊർജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കൂടാതെ, സോളർ പാനലുകളുടെ നിർമ്മാണം ഇന്ത്യയിൽ തന്നെ വ്യാപിപ്പിക്കുന്നതിലൂടെ 17 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. കേന്ദ്ര പുനരുപയോഗ ഊർജ വകുപ്പ് മന്ത്രി പ്ലഹ്ളാദ് ജോഷിയുടെ റിപ്പോർട്ട് പ്രകാരം, നിലവിൽ 65 ലക്ഷത്തോളം അപേക്ഷകർ പദ്ധതിക്കായി കാത്തിരിക്കുകയാണ്.
ഈ വർഷം ഡിസംബറോടെ 75 ലക്ഷം വീടുകളിൽ പദ്ധതി പൂർത്തീകരിക്കാനാണ് കേന്ദ്രസർക്കാർ പരിശ്രമിക്കുന്നത്. 2070-ഓടെ നെറ്റ് സീറോ എമിഷൻ കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഇതെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ പുനരുപയോഗ ഊർജ മേഖലയ്ക്ക് കഴിഞ്ഞ ഒരു പതിറ്റാണ്ടായി ലോകബാങ്ക് നൽകിവരുന്ന സഹായത്തിന്റെ തുടർച്ചയായാണ് ഈ ധനസഹായം. പദ്ധതിയുടെ നടത്തിപ്പിനായി ഇന്റർനാഷനൽ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആൻഡ് ഡവല്പമെന്റ് (ഐബിആർഡി) വഴി 820 മില്യൺ ഡോളറും ക്ലീൻ എനർജി ഫണ്ടിൽ നിന്ന് 60 മില്യൺ ഡോളറും വായ്പയായി ലഭിക്കും.
കൂടാതെ, ഐബിആർഡിയുടെ ലീവബിൾ പ്ലാനറ്റ് ഫണ്ടിൽ നിന്ന് 10 മില്യൺ ഡോളർ ഗ്രാന്റായും അനുവദിക്കും. പദ്ധതിയുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് ഈടുരഹിത വായ്പകൾ ലഭ്യമാക്കാനും സോളർ കമ്പനികളുടെയും വിതരണക്കാരുടെയും പ്രവർത്തനക്ഷമത വർധിപ്പിക്കാനും ഈ ഫണ്ട് സഹായിക്കുമെന്ന് ലോകബാങ്ക് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

