2022 ഓഗസ്റ്റ് 1-ന് അർധരാത്രിയിലാണ് കണ്ണൂർ ജില്ലയിലെ നെടുംപൊയിൽ പൂളക്കുറ്റിയിൽ ആദ്യമായി ഉരുൾപൊട്ടൽ ഉണ്ടായത്. ഈ പ്രകൃതിദുരന്തത്തിൽ പൂളക്കുറ്റി, നെടുംപുറംചാൽ, ഏലപ്പീടിക എന്നീ മേഖലകൾ കനത്ത നാശനഷ്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചു.
അഞ്ച് വീടുകൾ പൂർണമായും തകർന്നുപോയ ദുരന്തത്തിൽ ഒരു പിഞ്ചുകുഞ്ഞ് ഉൾപ്പെടെ മൂന്ന് പേരുടെ ജീവൻ നഷ്ടമായിരുന്നു. കൂടാതെ, എഴുപത്തഞ്ചോളം വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും കൃഷിഭൂമിയും അടിസ്ഥാന സൗകര്യങ്ങളും പൂർണ്ണമായും നശിക്കുകയും ചെയ്തു.
ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ കണിച്ചാർ ഗ്രാമപഞ്ചായത്ത് സ്വീകരിച്ച ദീർഘവീക്ഷണപരമായ തീരുമാനമാണ് ‘ലിവിങ് ലാബ്’ പദ്ധതി. 2022 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി ഇരുപതിലധികം തവണയാണ് പ്രദേശത്ത് ഉരുൾപൊട്ടലും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തത്.
തുടർന്ന് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നടത്തിയ സമഗ്ര പഠനത്തിൽ മണ്ണൊലിപ്പ്, വനനശീകരണം, പ്രദേശത്തെ ഭൗമപ്രത്യേകതകൾ എന്നിവയ്ക്കൊപ്പം രണ്ട് ക്വാറികളുടെ പ്രവർത്തനവും ദുരന്തത്തിന് കാരണമായതായി കണ്ടെത്തി. 2022-ലെ ഉരുൾപൊട്ടലുകളിൽ 90 ശതമാനവും ക്വാറികളുടെ രണ്ട് കിലോമീറ്റർ ചുറ്റളവിലായിരുന്നു.
ഇതേത്തുടർന്ന്, മേഖലയുടെ അതീവ പരിസ്ഥിതിലോലാവസ്ഥ പരിഗണിച്ച് ക്വാറികൾ പ്രവർത്തിക്കാനുള്ള അപേക്ഷ സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റി തള്ളിക്കളഞ്ഞു. 2023 ജൂണിൽ ഈ പ്രദേശത്തെ പ്രത്യേക ദുരന്തബാധിത മേഖലയായും സർക്കാർ പ്രഖ്യാപിച്ചു.
പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ ജനങ്ങളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ലിവിങ് ലാബ്’ പദ്ധതിക്ക് തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി ഐഐടി റൂർക്കിയുടെ സഹകരണത്തോടെ സംസ്ഥാനത്തെ ആദ്യത്തെ ‘ഉരുൾപൊട്ടൽ മുന്നറിയിപ്പു സംവിധാനം’ മാടശ്ശേരി മലയിൽ സ്ഥാപിച്ചു.
സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഈ പദ്ധതിക്കായി ഒരു റെസിലിയന്റ് സെന്ററും പ്രവർത്തിക്കുന്നുണ്ട്. പദ്ധതിയുടെ പ്രവർത്തനത്തെക്കുറിച്ച് റെസിലിയൻസ് ഓഫീസർ കെ.
നിധിൻ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: “സ്റ്റാർട്ട് അപ് മിഷൻ മുഖേന കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ, ഐഐടി റൂർക്കയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പങ്കാളികളാകും.
ഭൂഗർഭ സെൻസറുകളും ഉപഗ്രഹങ്ങളും ഇതിനായി ഉപയോഗിക്കും.” കൂടാതെ, കൊളക്കാട് ഓട്ടമേറ്റഡ് വെതർ സ്റ്റേഷൻ സ്ഥാപിക്കുന്നതടക്കമുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. മഴയുടെ അളവും കാറ്റിന്റെ വേഗതയും കണക്കാക്കി കൃത്യമായ മുന്നറിയിപ്പുകൾ നൽകാൻ ഇതിലൂടെ സാധിക്കും.
പൂളക്കുറ്റി, സെമിനാരി വില്ല, ഏലപ്പീടിക, നെടുംപുറംചാൽ തുടങ്ങിയ പ്രദേശങ്ങൾ വയനാട്ടിലെ ബ്രഹ്മഗിരി മലനിരകളോട് ചേർന്നുകിടക്കുന്നവയാണ്. ശക്തമായ മഴ ലഭിക്കുന്ന ഈ കുത്തനെയുള്ള പ്രദേശങ്ങളിൽ ആദിവാസികളുൾപ്പെടെ നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
നിലവിൽ മണ്ണിൽ കണ്ടുവരുന്ന അസ്വാഭാവികമായ വിള്ളലുകളും കേളകം കൈലാസംപടിയിലെ സമാനമായ സാഹചര്യങ്ങളും കണക്കിലെടുത്ത് അതീവ ജാഗ്രതയോടെയുള്ള നിരീക്ഷണമാണ് പഞ്ചായത്ത് തുടരുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ മുൻകൂട്ടി കണ്ട് അപകടസാധ്യതകൾ ലഘൂകരിക്കാനുള്ള ദീർഘകാല പദ്ധതികളിലാണ് ഇപ്പോൾ കണിച്ചാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

