ഓഫീസ് ജോലിയുടെ സമയദൈർഘ്യത്തെക്കുറിച്ചുള്ള ചർച്ചകൾ സമൂഹത്തിൽ സജീവമായി തുടരുന്നതിനിടയിലാണ് പുതിയൊരു വിഷയവും ചര്ച്ചയാകുന്നത്. എട്ട് മണിക്കൂർ ജോലി എന്നത് ഒമ്പതും പത്തും മണിക്കൂറാക്കി വർദ്ധിപ്പിക്കണമെന്ന വാദങ്ങൾക്ക് ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണ മൂർത്തിയുടെ പ്രസ്താവനയിലൂടെ വീണ്ടും വേഗത കൈവന്നിരുന്നു.
ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങളും ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഓഫീസിലെ ജോലികൾക്ക് ശേഷവും സ്ത്രീകൾ അനുഭവിക്കുന്ന അദൃശ്യമായ ജോലിഭാരത്തെക്കുറിച്ചുള്ള പ്രിയങ്ക സോണിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ ശ്രദ്ധിക്കപ്പെടുന്നത്.
ഓഫീസിലെ ഒമ്പത് മുതൽ അഞ്ച് വരെയുള്ള ജോലി കഴിഞ്ഞാലും സ്ത്രീകളുടെ ഒരു ദിവസത്തെ ഉത്തരവാദിത്തങ്ങൾ അവസാനിക്കുന്നില്ലെന്നാണ് ഈ വീഡിയോ ചൂണ്ടിക്കാണിക്കുന്നത്. യാത്ര, പാചകം, കുട്ടികളുടെ സംരക്ഷണം, മറ്റ് കുടുംബ ഉത്തരവാദിത്തങ്ങൾ എന്നിവ ഉൾപ്പെടുന്ന വൈകുന്നേരം മുതൽ രാത്രി വരെയുള്ള സമയം മറ്റൊരു ‘ഷിഫ്റ്റ്’ തന്നെയാണെന്ന് അവർ വ്യക്തമാക്കുന്നു.
“9 മുതൽ 6 വരെയുള്ള ജോലിക്ക് ശേഷം 6 മുതൽ 10 വരെയുള്ള ഷിഫ്റ്റ് ആരും കണക്കാക്കിയിട്ടില്ല. ഓഫീസ്, യാത്ര, വീട്ടിലെ ഭക്ഷണം, കുട്ടികളുടെ ഉത്തരവാദിത്തം, കുടുംബം… ഇതിനിടയിൽ സ്വന്തം കരിയറിനും ഭാവിക്കുമായി സമയം കണ്ടെത്തണം.
എപ്പോഴാണ് എനിക്ക് വേണ്ടി സമയം കണ്ടെത്തുക?” എന്നാണ് പ്രിയങ്ക സോണി വീഡിയോയിലൂടെ ചോദിക്കുന്നത്. തനിക്ക് ലഭിക്കേണ്ട
വ്യക്തിപരമായ സമയം നിരന്തരം മാറ്റിവെക്കേണ്ടി വരുന്നുവെന്നും അവർ പരാതിപ്പെടുന്നു. മാതൃത്വത്തിന് ശേഷം കരിയർ താൽക്കാലികമായി നിർത്തിവെച്ച് വീട്ടമ്മയായി മാറേണ്ടിവന്ന തന്റെ ഭൂതകാല അനുഭവങ്ങളും ഇവർ പങ്കുവെച്ചിട്ടുണ്ട്.
കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങൾ ജീവിതത്തിന്റെ ഭാഗമാണെങ്കിലും വ്യക്തിപരമായ വളർച്ച പൂർണ്ണമായി ഉപേക്ഷിക്കരുതെന്ന തിരിച്ചറിവാണ് പിന്നീട് ഉണ്ടായതെന്നും അവർ കൂട്ടിച്ചേർത്തു. ദിവസേന ലഭിക്കുന്ന ചെറിയ ഇടവേളകൾ പോലും ഡിജിറ്റൽ കഴിവുകൾ പഠിക്കാനായി വിനിയോഗിക്കുകയാണെന്ന് പ്രിയങ്ക സോണി പറയുന്നു.
ദിവസത്തിൽ ഇരുപതോ മുപ്പതോ മിനിറ്റുകൾ മാത്രമാണ് ഇതിനായി മാറ്റിവെക്കുന്നത്. ഭാവിക്കായി സമയം കണ്ടെത്താൻ ജീവിതം മുഴുവൻ മാറ്റിമറിക്കേണ്ടതില്ലെന്നും ചെറിയ സമയങ്ങൾ പോലും ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്നുമാണ് ഈ അനുഭവം നൽകുന്ന സന്ദേശം.
സ്ത്രീകൾ നിശബ്ദമായി ചുമക്കുന്ന ഈ ഉത്തരവാദിത്തങ്ങളെ തുറന്നു കാണിച്ച വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. “ജോലി ചെയ്യുന്ന സ്ത്രീകളുടെ ജീവിതവുമായി വളരെ സാമ്യം”, “വീട്ടിലെ രണ്ടാം ഷിഫ്റ്റ് യാഥാർഥ്യമാണ്” എന്നിങ്ങനെ നിരവധി അനുകൂല പ്രതികരണങ്ങളാണ് കാഴ്ചക്കാരിൽ നിന്നുണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

