തൃശൂർ മണ്ണുത്തി മുല്ലക്കരയിൽ ഗൃഹനാഥനെ ബന്ദിയാക്കി ലക്ഷക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങളും പണവും കവർന്ന കേസിലെ മുഖ്യപ്രതിയെ പൊലീസ് പിടികൂടി. രാജസ്ഥാൻ ചിത്തോർഗഡ് ജില്ലയിലെ തിരുട്ട് ഗ്രാമത്തിൽ ഒളിവിലായിരുന്ന സൂരജ് പവാർ (25) ആണ് പിടിയിലായത്.
സിറ്റി പൊലീസിന്റെ ഷാഡോ സംഘവും മണ്ണുത്തി പൊലീസും ചേർന്ന് നടത്തിയ സാഹസികമായ നീക്കത്തിലൂടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കവർച്ച ചെയ്യപ്പെട്ടവയിൽ 26 പവൻ സ്വർണം പ്രതിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ഇയാൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിലായി ആറോളം കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ ജൂൺ 7ന് മുല്ലക്കര അങ്കണവാടിക്കു സമീപമുള്ള സോമശേഖരന്റെ വീട്ടിലായിരുന്നു സംഭവം.
കേസിൽ നേരത്തെ അറസ്റ്റിലായ മഹാരാഷ്ട്ര സ്വദേശി ആകാശ് ഷിൻഡെ (31), രാജസ്ഥാൻ സ്വദേശി മജീദ് ഖാൻ (47) എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഊർജിതമാക്കിയത്. മോഷണം പോയ സ്വർണത്തിൽ മുപ്പത് പവനിലേറെ മുഖ്യപ്രതി കൈക്കലാക്കുകയും ബാക്കി വിഹിതം മറ്റുള്ളവർക്ക് നൽകുകയുമായിരുന്നു.
രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കും.
ആസൂത്രിതമായ നീക്കങ്ങൾ അന്തർ സംസ്ഥാന പെർമിറ്റുള്ള ലോറികളിൽ കറങ്ങി വീടുകൾ കൊള്ളയടിക്കുന്നതാണ് സംഘത്തിന്റെ രീതി. ദേശീയപാതയോരങ്ങളിൽ സുരക്ഷാ സൗകര്യങ്ങൾ കുറവുള്ള വീടുകൾ കണ്ടെത്തി മോഷണം നടത്തുകയാണ് പതിവ്.
ഹരിയാനയിൽ നിന്ന് എറണാകുളം നെട്ടൂരിലേക്ക് എസികൾ എത്തിക്കുന്ന ലോറിയിൽ എത്തിയവരാണ് ഈ സംഘം. മടക്കയാത്രയിലാണ് ഇവർ മുല്ലക്കരയിലെത്തിയത്.
പൊലീസിന്റെ അന്വേഷണ മികവ് അൻപതോളം സിസിടിവി ക്യാമറകൾ പരിശോധിച്ചും ഇരുനൂറിലധികം ഫോൺ നമ്പറുകൾ സൈബർ സെല്ലിന്റെ സഹായത്തോടെ നിരീക്ഷിച്ചുമാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. വീട്ടുടമ സോമശേഖരൻ നൽകിയ മൊഴിയും നിർണായകമായി.
സ്പെഷൽ ബ്രാഞ്ച് എസിപി കെ.സി. സേതു, ഒല്ലൂർ എസിപി കെ.പി.
തോംസൺ, മണ്ണുത്തി ഇൻസ്പെക്ടർ സി.വി. ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

