കൊച്ചി നഗരത്തിലെ റോഡുകളിൽ സ്വകാര്യ ബസുകൾ നടത്തുന്ന മരണപ്പാച്ചിൽ വീണ്ടും ഒരു ജീവൻ കൂടി അപഹരിച്ചു. ഓൺലൈൻ ഭക്ഷണ വിതരണത്തിൽ ഏർപ്പെട്ടിരുന്ന യുവാവാണ് ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത്.
ഇന്നലെ വൈകിട്ട് കച്ചേരിപ്പടിയിൽ വെച്ചായിരുന്നു സംഭവം. ബസ് സ്കൂട്ടറിന് മുകളിലൂടെ കയറിയിറങ്ങിയാണ് അപകടം നടന്നത്.
സംഭവത്തിൽ പ്രതിഷേധവുമായി വഴിയാത്രക്കാരും നാട്ടുകാരും റോഡിലിറങ്ങി. അലക്ഷ്യമായ ഡ്രൈവിംഗിനെതിരെ നിയമനടപടികൾ കർശനമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ നഗരത്തിൽ നടത്തിയ പരിശോധനയിൽ സ്വകാര്യ ബസുകൾക്കെതിരെ ഏഴ് കേസുകളാണ് റജിസ്റ്റർ ചെയ്തത്. ഇതിൽ ഒരു ബസ് യാത്രക്കാരനും ഒരു സ്കൂട്ടർ യാത്രക്കാരനും സാരമായി പരിക്കേറ്റ സംഭവങ്ങളും ഉൾപ്പെടുന്നു.
സമയക്രമം പാലിക്കാതെ നടത്തുന്ന മത്സരയോട്ടവും റോഡ് നിയമങ്ങൾ കാറ്റിൽപ്പറത്തുന്ന പ്രവണതയും ഗതാഗതക്കുരുക്കിന് പ്രധാന കാരണമാകുന്നുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം 2025-ൽ മാത്രം സ്വകാര്യ ബസുകൾ 17,770 നിയമലംഘനങ്ങളും 271 അപകടങ്ങളും സൃഷ്ടിച്ചു.
ഈ അപകടങ്ങളിൽ 16 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. നിയമലംഘനങ്ങളിലൂടെ 97.65 ലക്ഷം രൂപ പിഴയായി ഈടാക്കിയെങ്കിലും സ്ഥിതിഗതികൾക്ക് മാറ്റമില്ല.
കൂടാതെ, സ്വകാര്യ ബസ് ജീവനക്കാർ പ്രതികളായ 13 ക്രിമിനൽ കേസുകൾ ഈ വർഷം ഇതുവരെ റജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ചോദ്യം ചെയ്യുന്നവരോട് അക്രമം കാണിക്കുന്നതും ബസ് ജീവനക്കാരുടെ പതിവ് രീതിയായി മാറിയിരിക്കുകയാണ്.
നടപടി സ്വീകരിച്ചാലും നിയമലംഘനങ്ങൾ ആവർത്തിക്കുന്ന സാഹചര്യമാണുള്ളത്. 2025 ജനുവരിയിൽ മനുഷ്യാവകാശ കമ്മിഷൻ കൊച്ചിയിലെ ഗതാഗത നിയമലംഘനങ്ങളിൽ ഇടപെട്ടിരുന്നു.
അതേസമയം, ഈ വർഷം ജനുവരിയിൽ ബസുകളിൽ ഷാഡോ പൊലീസിനെ നിയോഗിച്ചുകൊണ്ടുള്ള പരീക്ഷണം നടത്തിയെങ്കിലും അതിന് തുടർച്ചയുണ്ടായില്ല. റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ എടുത്ത തീരുമാനങ്ങൾ പോലും പൂർണ്ണമായി നടപ്പിലാക്കാൻ സാധിച്ചിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

