കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൽ സ്ഥിതി ചെയ്തിരുന്ന ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണു. കെട്ടിടത്തിന്റെ ദയനീയാവസ്ഥ സംബന്ധിച്ച് മൂന്നു മാസം മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് അപകടത്തിന് വഴിവെച്ചതെന്ന് ആക്ഷേപമുയരുന്നു.
പരിശോധന കഴിഞ്ഞ് 24 മണിക്കൂർ തികയുന്നതിന് മുൻപാണ് കെട്ടിടം നിലംപൊത്തിയത്. ഇന്നലെ രാവിലെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അധികൃതർ കെട്ടിടത്തിന് ചുറ്റും റിബൺ കെട്ടി പ്രവേശനം തടഞ്ഞത് വലിയൊരു ദുരന്തം ഒഴിവാക്കി.
ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച ഈ കെട്ടിടത്തിന്റെ അടിത്തറ കരിങ്കല്ലുകൊണ്ടും മുകൾഭാഗം ഇഷ്ടികകൊണ്ടുമാണ് നിർമ്മിച്ചിരിക്കുന്നത്. നാലു മാസം മുൻപ് കെട്ടിടത്തിൽ വിള്ളലുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു.
മൂന്നു മാസം മുൻപ് നടത്തിയ പരിശോധനയിൽ മുകൾഭാഗം മുതൽ അടിത്തറ വരെ രണ്ടു സെന്റീമീറ്ററോളം വീതിയിൽ വിള്ളലുള്ളതായി റെയിൽവേ അധികൃതർ കണ്ടെത്തിയിരുന്നു. തുടർന്ന്, ക്ലോക്ക് ടവറിനു താഴെ പ്രവർത്തിക്കുന്ന ഓഫിസുകൾ മാറ്റണമെന്നും കെട്ടിടം പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് നിർമ്മാണക്കമ്പനിയായ റാങ്ക് കൺസ്ട്രക്ഷൻസിന് റെയിൽവേ കത്തു നൽകിയിരുന്നു.
എന്നാൽ, സ്റ്റേഷൻ നവീകരണ കരാർ ഏറ്റെടുത്ത ഈ കമ്പനി കെട്ടിടം പൊളിക്കുന്നതിൽ അലംഭാവം കാണിച്ചു. കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയിൽ കെട്ടിടത്തിന്റെ അവസ്ഥ കൂടുതൽ ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്ന് നാലുദിവസം മുൻപും നിർമ്മാണക്കമ്പനിക്ക് നിർദേശം നൽകിയിരുന്നു.
ഇതിനിടെ പെയ്ത കനത്ത മഴ കെട്ടിടത്തെ കൂടുതൽ ബലഹീനമാക്കി. ബുധനാഴ്ച ഉച്ചയോടെ ഡിവിഷനൽ റെയിൽവേ മാനേജർ (ഡിആർഎം) മധുകർ റാവുത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയും ഉടൻ പൊളിച്ചുനീക്കാൻ നിർദേശിക്കുകയും ചെയ്തു.
കെട്ടിടം തകർന്ന സമയത്ത് രണ്ടാം പ്ലാറ്റ്ഫോമിൽ കണ്ണൂർ–കോഴിക്കോട് പാസഞ്ചർ ട്രെയിൻ നിർത്തിയിട്ടിരുന്നു. ആയിരത്തോളം യാത്രക്കാർ ആശ്രയിക്കുന്ന ഈ ട്രെയിനിനു മുകളിലേക്കാണ് കെട്ടിടത്തിന്റെ മേൽക്കൂര പതിച്ചത്.
എന്നാൽ, വൈദ്യുത ലൈനുകളിൽ തങ്ങിനിന്നതിനാൽ ട്രെയിനിന് കേടുപാടുകളൊന്നും സംഭവിച്ചില്ല. 1861 മാർച്ച് 12-ന് ഉദ്ഘാടനം ചെയ്യപ്പെട്ട
കേരളത്തിലെ ആദ്യത്തെ റെയിൽവേ ലൈനിന്റെ ഭാഗമായി 1888-ൽ നിർമ്മിക്കപ്പെട്ട ഈ കെട്ടിടം ചരിത്രപ്രാധാന്യമുള്ളതാണ്.
കെട്ടിടം തകർന്നതോടെ റെയിൽവേ സ്റ്റേഷനിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെടുകയും ചെയ്തു. ഏറനാട് എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ വഴിയിൽ പിടിച്ചിട്ടു.
ഫയർഫോഴ്സും റെയിൽവേ അധികൃതരും ചേർന്ന് ഗ്യാസ് കട്ടറുകൾ ഉപയോഗിച്ചാണ് അവശിഷ്ടങ്ങൾ നീക്കം ചെയ്തത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കാനായത്.
ട്രെയിൻ സമയം വൈകിയതോടെ യാത്രക്കാർ വലിയ ബുദ്ധിമുട്ടിലായി. തിരുവനന്തപുരം ജനശതാബ്ദി ഉൾപ്പെടെയുള്ള ദീർഘദൂര ട്രെയിനുകളുടെ സർവീസിനെയും ഇത് ബാധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

