പത്തനംതിട്ടയിലെ കൂടൽ പോലീസ് സ്റ്റേഷൻ പരിധിയിൽ 13 കാരി നൽകിയ വ്യാജ പോക്സോ പരാതിയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത യുവാക്കളെ മർദ്ദിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി. കൃത്യനിർവ്വഹണത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയതായി വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് കൂടൽ എസ്ഐ ജയ്മോനെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി ഉത്തരവായി.
സംഭവത്തിൽ ഉൾപ്പെട്ട സിഐക്കെതിരെയും കർശന നടപടികൾ സ്വീകരിക്കാൻ നീക്കമുണ്ട്.
ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഡിഐജി കൈക്കൊള്ളും. നിലവിൽ കോന്നി സിഐക്കാണ് കൂടൽ പോലീസ് സ്റ്റേഷന്റെ അധിക ചുമതല നൽകിയിരിക്കുന്നത്.
സംഭവത്തിന്റെ പശ്ചാത്തലം പതിമൂന്നുകാരി പത്ത് പേർ ലൈംഗിക ചൂഷണം നടത്തിയെന്നാരോപിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൂടൽ പോലീസ് രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
എന്നാൽ, വൈദ്യപരിശോധന ഉൾപ്പെടെയുള്ള നടപടികളിൽ പ്രതികൾക്കെതിരെ ഒരു തെളിവും ലഭിച്ചില്ല. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ, പ്രണയനൈരാശ്യത്തെ തുടർന്നാണ് പെൺകുട്ടി കളവായ പരാതി നൽകിയതെന്ന് പോലീസ് പിന്നീട് സ്ഥിരീകരിച്ചു.
കസ്റ്റഡി മർദ്ദനവും അന്വേഷണവും യാതൊരു ബന്ധവുമില്ലാത്ത കേസിൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത തന്നെ പോലീസ് മർദ്ദിച്ചുവെന്ന് കാണിച്ച് ഹൃദ്രോഗിയായ 20 കാരൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം നടത്തുകയും എസ്പിക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും യുവാവിന് മർദ്ദനമേറ്റതായി സ്ഥിരീകരിച്ചതോടെയാണ് നടപടികൾ വേഗത്തിലാക്കിയത്. കേസ് കൈകാര്യം ചെയ്തതിൽ കൂടൽ പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

