ബെംഗളൂരു ദേവനഹള്ളിയിലെ സ്വകാര്യ റസിഡൻഷ്യൽ സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകൻ അറസ്റ്റിലായി. സ്റ്റെർലിംഗ് റസിഡൻഷ്യൽ സ്കൂളിലെ അധ്യാപകനായ നാരായണയാണ് പൊലീസ് പിടിയിലായത്.
വിദ്യാർത്ഥിയായ ഗുരുകിരൺ മരിച്ച സംഭവത്തിൽ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊലക്കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനത്തിൽ താമസിച്ചു പഠിച്ചിരുന്ന ഗുരുകിരൺ, കളിക്കളത്തിൽ ഓടുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. എന്നാൽ, മരണത്തിന് പിന്നാലെ കുട്ടിയുടെ രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
സമയം തെറ്റിച്ച് വാഷ്റൂമിൽ പോയി എന്നാരോപിച്ച് അധ്യാപകനായ നാരായണ, കുട്ടിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മർദിച്ചതായി മറ്റ് വിദ്യാർത്ഥികൾ മൊഴി നൽകി. ശിക്ഷാ നടപടിയുടെ ഭാഗമായി ഗ്രൗണ്ടിന് ചുറ്റും രണ്ട് റൗണ്ട് ഓടാൻ അധ്യാപകൻ നിർബന്ധിച്ചു.
ഈ കഠിനമായ ശാരീരിക പീഡനത്തിനിടയിലാണ് കുട്ടി കുഴഞ്ഞുവീണത്. സംഭവസ്ഥലത്തെയും ഹോസ്റ്റൽ മുറികളിലെയും സിസിടിവി ക്യാമറകൾ തകർന്ന നിലയിൽ കണ്ടെത്തിയത് കേസിൽ കൂടുതൽ ദുരൂഹത സൃഷ്ടിക്കുന്നു.
ബഗാലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ, പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. അധ്യാപകൻ കുട്ടികളെ ക്രൂരമായി മർദിക്കുകയും മുറികളിൽ പൂട്ടിയിടുകയും ചെയ്യുന്നത് പതിവാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
വിവരമറിഞ്ഞ് സ്കൂളിലേക്ക് ഇരച്ചെത്തിയ നാട്ടുകാർ അധ്യാപകനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി. അക്രമാസക്തരായ ജനക്കൂട്ടത്തിൽ നിന്ന് ഏറെ പണിപ്പെട്ടാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കോടതിയിൽ ഹാജരാക്കിയ നാരായണയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

