ചൈനയിൽ തുടരുന്ന ശക്തമായ മഴയിലും പ്രളയത്തിലും ജനജീവിതം ദുസ്സഹമായിരിക്കെ, വലിയൊരു സുരക്ഷാ ഭീഷണിയാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. ഗുവാങ്സി മേഖലയിലെ പാമ്പുവളർത്തൽ കേന്ദ്രത്തിൽ നിന്ന് മൂർഖൻ അടക്കമുള്ള 900-ലധികം വിഷപ്പാമ്പുകൾ പ്രളയജലത്തോടൊപ്പം പുറത്തായതായി സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
മാംസം, ഔഷധം, തോൽ എന്നിവയുടെ ആവശ്യങ്ങൾക്കായി വിഷപ്പാമ്പുകളെ വളർത്തുന്ന ഫാമുകൾ ചൈനയിൽ വ്യാപകമാണ്. ഈ സംഭവത്തിന് പിന്നാലെ പ്രദേശവാസികൾക്ക് അധികൃതർ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
നിലവിൽ ചിലർക്ക് പാമ്പുകടിയേറ്റതായും ഒരു സ്ത്രീ മരണപ്പെട്ടതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. പ്രളയജലത്തിലൂടെ ഒഴുകിയെത്തുന്ന പാമ്പുകളെ പിടികൂടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വലകളും മറ്റും ഉപയോഗിച്ച് ഈ പാമ്പുകളെ പിടികൂടാൻ ആളുകൾ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ദക്ഷിണ ചൈനയിൽ വീശിയടിച്ച മെയ്സാക് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയാണ് മേഖലയിൽ വലിയ നാശനഷ്ടങ്ങൾക്ക് വഴിവെച്ചത്.
അണക്കെട്ടുകൾക്ക് തകരാർ സംഭവിക്കുകയും നദികളും തടാകങ്ങളും കരകവിഞ്ഞൊഴുകുകയും ചെയ്തതോടെ ജനവാസ കേന്ദ്രങ്ങളിലേക്ക് വെള്ളം ഇരച്ചുകയറി. ഇതുവരെ 6 പേർ മരണപ്പെട്ടതായും, ഏകദേശം ഒന്നര ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
(ശ്രദ്ധിക്കുക: വാർത്തയോടൊപ്പം നൽകിയിട്ടുള്ള ചിത്രം @CaughtIn4KHQ എന്ന എക്സ് അക്കൗണ്ടിൽ നിന്ന് ശേഖരിച്ചതാണ്.)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

